കര്‍ഷക സമരം ഏതെങ്കിലും ഒരു പ്രദേശത്തെ പ്രക്ഷോഭമല്ല; ഗവര്‍ണര്‍ക്ക് പരോക്ഷമായ മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം എന്ത് അടിയന്തര പ്രാധാന്യ വിഷയത്തിനെന്ന ഗവര്‍ണറുടെ ചോദ്യത്തിനു പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി. ഭക്ഷ്യ ക്ഷാമമുണ്ടായാല്‍ ആദ്യം ബാധിക്കുക കേരളത്തെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിഷേധ വേദിയില്‍ പറഞ്ഞു. ഇന്ത്യയിലെ കര്‍ഷകരുടെ വിഷമതകള്‍ കേരളത്തേയും ബാധിക്കുമെന്നും, ഗവര്‍ണറുടെ നടപടി ഭരണഘടനാ പദവിയുടെ നിലവാരം പരിഗണിക്കാതെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. കേരളത്തിന്റെ അധികാരത്തെ നിയന്ത്രിക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു.

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുമായി പരസ്യ ഏറ്റുമുട്ടലിനില്ലെന്ന് സൂചനയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍. ജനുവരി എട്ടിനു നിയമസഭയുടെ ബജറ്റ് സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ അടുത്ത മന്ത്രിസഭായോഗം ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും കര്‍ഷക നിയമത്തിനെതിരായ സര്‍ക്കാരിന്റെ നിലപാട് ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

എന്നാല്‍ സമ്മേളനം എന്തു അടിയന്തര പ്രാധാന്യമുള്ള വിഷയത്തിനെന്ന ഗവര്‍ണറുടെ ചോദ്യത്തിനു മുഖ്യമന്ത്രി പരോക്ഷമായി മറുപടി നല്‍കി. കര്‍ഷക സമരം ഏതെങ്കിലും ഒരു പ്രദേശത്തെ പ്രക്ഷോഭമല്ലെന്നും, ഭക്ഷ്യ ക്ഷാമമുണ്ടായാല്‍ ആദ്യം ബാധിക്കുക കേരളത്തെയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പ്രക്ഷോഭത്തിനു ശക്തമായ പിന്തുണ കേരളം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Content Highlight: CM Pinarayi Vijayan against Kerala Governor