കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളം; മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് സമരത്തിൽ പങ്കെടുക്കും

Government solidarity for farmers protest

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് നടക്കുന്ന സമരത്തില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പങ്കെടുക്കും. അടിയന്തരമായി നിയമസഭ ചേരാനുള്ള അനുമതി ഗവര്‍ണര്‍ നിഷേധിച്ചതിന് പിന്നാലെയാണ് സമരവുമായി സര്‍ക്കാര്‍ രംഗത്തേക്കിറങ്ങുന്നത്. സംയുക്ത കര്‍ഷക സമിതി രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് പ്രതിഷേധം നടത്തുന്നത്. അനിശ്ചിതകാലമായി ഇവിടെ സമരം നടന്നുവരികയാണ്.

നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ഒരു മണിക്കൂര്‍ നിയമസഭ കൂടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും സമരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. ഗവര്‍ണറുടെ നീക്കത്തെ ശക്തമായി പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഗവര്‍ണറുടെ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടാകാമെന്ന ആരോപണവുമായി കൃഷിമന്ത്രി വിഎസ് സുനില്‍കുമാറും രംഗത്തെത്തിയിരുന്നു.

അതേസമയം സമരപരിപാടികള്‍ ആലോചിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് യു.ഡി.എഫ് പാര്‍ലമെൻ്ററി യോഗം ചേരും. പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവര്‍ണ്ണര്‍ അനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമായി പോയെന്നും രാജ്യത്തെ കര്‍ഷക സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഈ നിയമത്തിനെതിരെ കേരളത്തിൻ്റെ ശബ്ദം ഉയരേണ്ടത് നിയമസഭയിലാണെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. 

content highlights: Government solidarity for farmers protest