രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കാത്തതെന്ത്? പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ഗാന്ധി

Rahul Gandhi

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം എന്നു തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദിച്ചു. ‘ലോകത്തിലെ 23 ലക്ഷം പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ചൈന, യു.എസ്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ വാക്‌സിനേഷന്‍ ആരംഭിച്ചു. ഇന്ത്യയുടെ നമ്ബര്‍ എപ്പോള്‍ എത്തും മോദിജി’ -രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ കണക്കുകള്‍ ഗ്രാഫില്‍ ചിത്രീകരിച്ചത് പങ്കുവെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അടുത്ത ആഴ്ചയോടെ ഓക്‌സ്ഫഡിന്റെ ആസ്ട്രസെനക വാക്‌സിന് അനുമതി നല്‍കുമെന്നാണ് വിവരം. മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെട്ട 30 കോടി ഇന്ത്യക്കാര്‍ക്ക് ആദ്യഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ നല്‍കാനാണ് തീരുമാനമെന്ന് കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചിരുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, സൈന്യം, ശുചീകരണ തൊഴിലാളികള്‍, 50 വയസിന് മുകളിലുള്ളവര്‍, 50 വയസില്‍ താഴെയുള്ള ഗുരുതര രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്കാകും ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാക്കുക. ജനുവരിയില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.

Content Highlight: Rahul Gandhi against Prime Minister on vaccine distribution