നിയന്ത്രണങ്ങളോടെ ജെല്ലിക്കട്ട് നടത്താന്‍ അനുമതി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍; പങ്കെടുക്കുന്നവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ചെന്നൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊങ്കലിന്റെ ഭാഗമായി നടത്തപ്പെടുന്ന ജല്ലിക്കെട്ടിന് നിബന്ധനകളോടെ അനുമതി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. കാഴ്ച്ചക്കാരുടെ എണ്ണത്തിലടക്കം നിബന്ധനകള്‍ നിശ്ചയിച്ചാണ് സര്‍ക്കാര്‍ തീരുമാനം. കാഴ്ച്ചക്കെത്തുന്നവര്‍ക്ക് സാമൂഹിക അകലവും മാസ്‌കും ഉള്‍പ്പെടെ തെര്‍മല്‍ സ്‌കാനിങ്ങും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കാളകളെ പീഡിപ്പിക്കുന്നെന്ന് കാണിച്ച് സുപ്രീംകോടതി നിര്‍ത്തലാക്കിയ ജല്ലിക്കട്ടിന് തമിഴ്‌നാട് സര്‍ക്കാര്‍ ജല്ലിക്കെട്ട് നിയമം കൊണ്ടു വരികയായിരുന്നു.

2021 ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജെല്ലെക്കെട്ടിന് അനുമതി നല്‍കുന്നതെന്നാണ് വിലയിരുത്തല്‍. നേരത്തെ കോവിഡ്വ്യാപനം തടയുന്നതിനായി ബീച്ചുകളിലും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പുതുവത്സരാഘോഷം സര്‍ക്കാര്‍ നിരോധിച്ചിരുന്നു. പങ്കെടുക്കുന്ന എല്ലാവരും സര്‍ക്കാര്‍ ലബോറട്ടറിയില്‍ കോവിഡ് -19 പരിശോധനയ്ക്ക് വിധേയരാകുകയും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഒരു ഇനത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 150 പേരില്‍ കൂടാന്‍ പാടില്ലെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. കൂടാതെ, ജെല്ലിക്കെട്ട് നടക്കുന്ന സ്ഥലത്ത് ഉള്‍ക്കൊള്ളാവുന്നതിന്റെ 50 ശതമാനം കാഴ്ചക്കാര്‍ മാത്രമാണ് കൊവിഡ് പശ്ചാത്തലത്തില്‍ അനുമതി.

Content Highlight: Tamil Nadu allows jallikattu with Covid-19 restrictions