സംസ്ഥാനത്തെ കോളേജുകളിൽ ജനുവരി നാലു മുതൽ ക്ലാസുകൾ ആരംഭിക്കും. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങി. ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ലോ, മ്യൂസിക്, ഫൈൻ ആർട്സ്, ഫിസിക്കൽ എഡ്യുക്കേഷൻ, പോളിടെക്നിക് കോളേജുകൾ, സർവകലാശാലകൾ എന്നിവയിൽ ബിരുദ കോഴ്സിന് അഞ്ച്, ആറ് സെമസ്റ്ററുകൾക്കാകും ആദ്യം ക്ലാസ്സ് ആരംഭിക്കുക.
രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചു മണിവരെയാണ് ക്ലാസുകൾ. രണ്ട് ഷിഫ്റ്റുകളായിട്ടാകും പ്രവർത്തിക്കുക. പകുതി കുട്ടികളെ മാത്രമാകും ഒരേസമയം ക്ലാസിൽ അനുവദിക്കുക. പി.ജി, ഗവേഷണ കോഴ്സുകളിൽ എല്ലാ വിദ്യാർഥികൾക്കും നാലിനുതന്നെ ക്ലാസ് ആരംഭിക്കും. കോളേജ് പ്രിൻസിപ്പൽമാരും അധ്യാപകരും അധ്യാപകേതര ജീവനക്കാരും 28 മുതൽ കോളേജിൽ ഹാജരാകണം.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ക്ലാസുകൾ പ്രവർത്തിക്കുക. ഷിഫ്റ്റുകളായി ക്ലാസ്സുകൾ ആരംഭിക്കുന്നതിനാൽ ശനിയാഴ്ചയും പ്രവൃത്തിദിനമായിരിക്കും. ലബോറട്ടറി സെഷനുകൾ, ഓൺലൈൻ ക്ലാസുകൾ നടത്താനാകാത്ത മറ്റ് മേഖലകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകികൊണ്ടായിരിക്കും ക്ലാസുകൾ ആരംഭിക്കുക. ക്ലാസുകൾ ആരംഭിച്ച് പത്ത് ദിവസത്തിനുശേഷം ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രിൻസിപ്പൽമാർ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കോ ബന്ധപ്പെട്ട സർവകലാശാലകൾക്കോ നൽകണം. ഇതനുസരിച്ചാകും മറ്റ് സെമസ്റ്ററുകളുടെ ക്ലാസുകൾ ആരംഭിക്കുക.
content highlights: Colleges to reopen on January 4