കൊച്ചി: മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ചിത്രമായ സൂഫിയും സുജാതയും സിനിമയുടെ സംവിധായകന്‍ നരണിപുഴ ഷാനവാസ് (37) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്.
എഡിറ്ററായാണ് സിനിമാ ലോകത്ത് ഷാനവാസ് സജീവമായത്. ‘കരി’യാണ് ആദ്യ ചിത്രം. ജാതീയത ചര്‍ച്ചയായ ‘കരി’ നിരൂപകര്‍ക്കിടയിലും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രം ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തിരുന്നു.
ഇന്നലെ വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ തുടര്‍ന്നിരുന്ന സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് മരിച്ചു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനെതിരെ വിജയ് ബാബു രംഗത്തുവന്നിരുന്നു. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതെയിരിക്കണമെന്നും അദ്ദേഹം അറിയിച്ചു. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഷാനവാസിന്റെ മരണവാര്‍ത്ത പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷം അത് പിന്‍വലിക്കുകയായിരുന്നു.
Content Highlight: Director Naranipuzha Shanavas passed away