കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തി; പ്രതി ലീഗ് നേതാവ്

കാസര്‍കോട്: കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. കലൂരാവി സ്വദേശി അഔഫ് അബ്ദുള്‍ റഹ്മാ(29)നാണ് കൊല്ലപ്പെട്ടത്. അഔഫിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ യൂത്ത് ലീഗ് മുൻസിപ്പൽ സെക്രട്ടറി ഇർഷാദിനെയാണ് പൊലീസ് പ്രതി ചേർത്തു. കണ്ടാലറിയുന്ന മറ്റ് രണ്ട് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

കൊലപാതകത്തിനു പിന്നില്‍ മുസ്ലിം ലീഗ് ആണെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കലൂരാവി മേഖലയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്നാണ് സൂചന. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുവെന്നാണ് വിവരം.

സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി ഇര്‍ഷാദിന് (26) സാരമായി പരുക്കേറ്റു. ഇദ്ദേഹത്തെ മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ എല്‍ഡിഎഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Content Highlight: DYFI Worker killed in Kasargod