കല്ല്യോട്ട് കാലിടറി എല്‍ഡിഎഫ്; മന്ത്രി കെ ടി ജലീലിന്റെ വാര്‍ഡിലും എല്‍ഡിഎഫ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥിക്ക് തോല്‍വി

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കാസര്‍കോട് കല്ല്യോട്ട് നിറം മങ്ങി എല്‍ഡിഎഫ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍ കൃപേഷ് എന്നിവരുടെ കൊലപാതകത്തിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫിന് പരാജയ ഭീതി നേരിടേണ്ടി വന്നത്. ജില്ലയില്‍ യുഡിഎഫിന്റെ പ്രധാന പ്രചാരണ വിഷയവും ഇത് തന്നെയായിരുന്നു.

സിപിഎമ്മിന്റെ സിറ്റിങ് സീറ്റിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ഏത് വിധേനയും സീറ്റ് നിലനിര്‍ത്താനുള്ള എല്‍ഡിഎഫിന്റെ ശ്രമമാണ് തകര്‍ന്നു കൊണ്ടിരിക്കുന്നത്. പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകരായിരുന്നു പ്രധാന പ്രതികള്‍. അതേസമയം, കേസന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം ഇന്നലെ പെരിയയിലെ സംഭവ സ്ഥലം സന്ദര്‍ശിച്ച് കൊലപാതകം പുനഃരാവിഷ്‌കരിച്ചിരുന്നു.

മലപ്പുറം വളാഞ്ചേരിയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ വര്‍ഡിലും എല്‍ഡിഎഫ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥിക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയാണ് ഇവിടെ വിജയിച്ചത്.

Content Highlight: UDF Lead in Kalyott Kasargod and Valanjeri