പ്രിയങ്ക ഗാന്ധി അറസ്റ്റിൽ; രാഷ്ട്രപതി ഭവൻ മാർച്ച് തടഞ്ഞ് പൊലീസ്

Priyanka Gandhi detained during protest, Rahul Gandhi meets President, says farmers won't stop the protest 

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. മാര്‍ച്ചില്‍ പങ്കെടുത്ത പ്രിയങ്ക ഗാന്ധിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയങ്കയെ അറസ്റ്റ് ചെയ്ത് പൊലീസ് വാഹനത്തില്‍ കയറ്റിയതോടെ പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്ത് നീക്കി. വലിച്ചിഴച്ചാണ് പ്രവര്‍ത്തകരെ വാഹനത്തിലേക്ക് കയറ്റിയത്. ‘കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം. സര്‍ക്കാര്‍ ജനങ്ങളുടെ ശബ്ദം കേള്‍ക്കണം. അവര്‍ കര്‍ഷകരുടെ വയറ്റത്ത് ചവിട്ടുകയാണ്. സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാനാണ് അവര്‍ കര്‍ഷകരോട് ആവശ്യപ്പെടുന്നത്.’ പ്രിയങ്ക മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പതിനൊന്ന് മണിയോടെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. എഐസിസി ഓഫീസില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് അക്ബര്‍ റോഡിലേക്ക് പ്രവേശിച്ചെങ്കിലും ബാരിക്കേഡ് നിരത്തി മാര്‍ച്ച് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി രാഷ്ട്രപതിയെ കാണുന്നതിന് വേണ്ടി രാഷ്ട്രപതി ഭവനിലേക്ക് മടങ്ങി.

മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് എം.പിമാര്‍ അക്ബര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയും ഇവര്‍ക്കൊപ്പം ചേര്‍ന്നു. പിന്നീട് മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തു നീക്കിയത്.

content highlights: Priyanka Gandhi detained during protest, Rahul Gandhi meets President, says farmers won’t stop the protest