രാഷ്​ട്രപതിക്ക്​ രാഹുല്‍ കൈമാറിയത്​​ ട്രക്കുകളിലെത്തിച്ച രണ്ട്​ കോടി കത്തുകള്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ കോണ്‍ഗ്രസ്​ ശേഖരിച്ച രണ്ടുകോടി കത്തുകള്‍ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിന്​ രാഹുല്‍ ഗാന്ധി കൈമാറി. ട്രക്കുകളിലാണ്​ എത്തിച്ച കത്തുകള്‍ എത്തിച്ചത്​. അഥീര്‍ രഞ്​ജന്‍ ചൗധരി, ഗുലാംനബി ആസാദ്​ എന്നീ നേതാക്കളും രാഹുലിനോടൊപ്പമുണ്ടായിരുന്നു.

കോണ്‍ഗ്രസ്​ എം.പിമാരുടെ നേതൃത്വത്തില്‍ വിജയ് ചൗക്ക് മുതല്‍ രാഷ്ട്രപതി ഭവന്‍ വരെ നടത്താനിരുന്ന മാര്‍ച്ചിന് ഡല്‍ഹി പൊലീസ്​ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന്​ പ്രിയങ്കഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്​ എം.പിമാര്‍ കുത്തിയിരുന്ന്​ പ്രതിഷേധിച്ചതോടെ​ അറസ്റ്റ്​ ചെയ്​ത്​ നീക്കിയിരുന്നു​.

മാര്‍ച്ചിനൊടുവില്‍ രാഷ്ട്രപതിയെക്കൊണ്ട് രണ്ട് കോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിക്കായിരുന്നു കോണ്‍​ഗ്രസ്​ പദ്ധതി. എന്നാല്‍ പ്രതിഷേധമാര്‍ച്ചിന് അനുമതി നല്‍കാനാവില്ലെന്നും രാഹുല്‍ ഗാന്ധി, ​ഗുലാംനബി ആസാദ്​, അധീര്‍ രഞ്​ജന്‍ ചൗധരി എന്നീ മൂന്ന് നേതാക്കള്‍ക്ക് മാത്രം രാഷ്ട്രപതിയെ സന്ദര്‍ശിക്കാമെന്നും പൊലീസ് വ്യക്തമാക്കുകയായിരുന്നു.

Content Highlight: Rahul Gandhi handover 2 crore letters to President