ഗുവാഹത്തി: പശ്ചിമ ബംഗാളിന് പുറമെ, തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിലും പര്യടനം ആരംഭിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അമിത് ഷായുടെ സന്ദര്‍ശനം ബംഗാളില്‍ അലയൊലികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കേയാണ് അസം, മണിപ്പൂര്‍ സംസ്ഥാനങ്ങളിലേക്കുള്ള സന്ദര്‍ശനം. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ അമിത്ഷാ ഗുവാഹത്തിയിലെ വിമാനത്താവളത്തിലെത്തി. നിരവധി നാടോടി കലാകാരന്‍മാരും നൂറുകണക്കിന് ബി.ജെ.പി പ്രവര്‍ത്തകരും അമിത് ഷായെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അദ്ദേഹത്തിന് സ്വീകരണമൊരുക്കി.
Reached Guwahati!
I wholeheartedly thank people of Assam for such warm welcome. pic.twitter.com/7E7oQMdE2k
— Amit Shah (@AmitShah) December 25, 2020
തെരഞ്ഞെടുപ്പിന് മുന്നോടിയായി അസമില്‍ വിവിധ കേന്ദ്ര പദ്ധതികള്‍ പ്രഖ്യാപിക്കുകയാണ് അമിത് ഷായുടെ സന്ദര്‍ശന ലക്ഷ്യം. ശനിയാഴ്ച അസമിലെ 8000 നംഗാറുകളുടെ വിപുലീകരണ പ്രവര്‍ത്തനത്തിനാവശ്യമായ സഹായ ധനം വിതരണം ചെയ്യും. അസമിലെ വൈഷ്ണവരുടെ ആശ്രമമാണിത്. കൂടാതെ ബദാദ്രാവ താനിന്റെയും പുതിയ മെഡിക്കല്‍ കോളജിന്റെയും തറക്കല്ലിടലും നിര്‍വഹിക്കും. അസമിലെ സാംസ്‌കാരിക വിനോദ സഞ്ചാര കേന്ദ്രമാണ് ബദാദ്രാവ താന്‍.
ഇതിനുപുറമെ 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ബി.ജെ.പി നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ സംബന്ധിച്ചും ചര്‍ച്ച നടത്തും. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രതിസന്ധികള്‍ നേരിടുന്ന സംസ്ഥാനമാണ് അസം. ബംഗാളില്‍ തൃണമൂല്‍ നേരിട്ടതുപോലെ അമിത് ഷായുടെ സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂപപ്പെടുമെന്നാണ് വിവരം.
Content Highlight: Amit Shah In Assam Today To Launch BJP’s 2021 Election Blitz