പഞ്ചാബിലെ വാജ്‌പേയ് ജന്മദിനാഘോഷത്തിനിടെ ഹോട്ടലിലേക്ക് കര്‍ഷക പിക്കറ്റിങ്; പിന്‍വാതിലിലൂടെ രക്ഷപ്പെട്ട് ബിജെപി നേതാക്കള്‍

ചണ്ഡിഗഢ്: പഞ്ചാബില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വാജ്പേയ് ജന്മദിനാഘോഷം സംഘടിപ്പിച്ച ഹോട്ടലിലേക്ക് പിക്കറ്റിങ് നടത്തി കര്‍ഷകര്‍. ഹോട്ടലില്‍ അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനാഘോഷം ബിജെപി ആചരിക്കുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഭാരതി കിസാന്‍ യൂണിയന്റെ അംഗങ്ങളാണ് പഞ്ചാബിലെ ഫഗ്വാരയിലെ ഹോട്ടലിലേക്ക് പിക്കറ്റിങ് നടത്തിയത്. നിരവധി ബിജെപി നേതാക്കളെ ഹോട്ടലിലേക്ക് കടക്കുന്നത് വിലക്കിയും, മുദ്രാവാക്യമുയര്‍ത്തിയുമാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷക സംഘടനകള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് ബിജെപി സംഘടനകളുടെ ജന്മദിനാഘോഷ വേദിയിലേക്ക് കര്‍ഷകര്‍ പിക്കറ്റിങ് നടത്തിയത്. പ്രതിഷേധം ശക്തമായതോടെ പോലീസ് സുരക്ഷയില്‍ ഹോട്ടലിന്റെ പിന്‍ഭാഗത്തൂടെ ബിജെപി നേതാക്കള്‍ രക്ഷപ്പെട്ടു. കാലിത്തീറ്റ വിതരണം ചെയ്യുന്ന കമ്പനിയുടെ ഉടമയാണ് ഹോട്ടലിന്റെ മുതലാളിയെന്നും ബിജെപി പ്രവര്‍ത്തകന്‍ കൂടിയായ ഇയാള്‍ വിതരണം ചെയ്യുന്ന ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു.

അതേസമയം, 31-ാം ദിവസത്തിലേക്ക് കടന്ന കര്‍ഷക സമരത്തിലേക്ക് കൂടുതല്‍ കര്‍ഷക സംഘടനകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്ന് 500 ട്രാക്ടറുകളിലായി കര്‍ഷക റാലി ഡല്‍ഹിക്ക് പുറപ്പെട്ടിട്ടുണ്ട്.

Content Highlight: Protesting Farmers Picket Punjab Hotel, BJP Leaders Escape Via Backdoor