രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം; രജിനികാന്ത് നിരീക്ഷണത്തില്‍ തുടരുന്നു; കൂടുതല്‍ പരിശോധനകള്‍ നടത്തും

ഹൈദരാബാദ്: രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജിനികാന്തിന്റെ നിരീക്ഷണം തുടരുന്നതായി ആശുപത്രി അധികൃതര്‍. ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് താരത്തെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരിശോധനകള്‍ തുടരുന്നുണ്ടെന്നും ഇന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് താരത്തെ വിധേയനാക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എഴുപതുകാരനായ രജിനിയുടെ നില തൃപ്തികരമാണെന്നും ഇപ്പോള്‍ വിശ്രമത്തിലാണെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം സന്ദര്‍ശകരെ കാണാന്‍ അനുമതിയില്ലാത്തിനാല്‍ ആരാധകരും അഭ്യുദയകാംക്ഷികളും ആശുപത്രിയിലേക്ക് എത്തരുതെന്ന അഭ്യര്‍ഥനയും രജിനിയുടെ കുടുംബവും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും നടത്തിയിട്ടുണ്ട്. താരത്തിന്റെ മകളാണ് ആശുപത്രിയില്‍ ഒപ്പമുള്ളത്.

‘അണ്ണാത്തെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് ദിവസമായി ഹൈദരാബാദിലാണ്. ഷൂട്ടിംഗ് സെറ്റിലെ കുറച്ച് ആളുകള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രജിനികാന്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നുവെങ്കിലും താരം ഐസലേഷനില്‍ തുടരുകയായിരുന്നു. അന്നുമുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

Content Highlight: Rajinikanth continue in Hospital Over “Blood Pressure Fluctuations”