“മുഖ്യമന്ത്രി ആകാനില്ല, വേറിട്ട രാഷ്ട്രീയമാണ് എന്‍റെ അജണ്ട”; രാഷ്ട്രീയ മുഖം തുറന്ന് രജനീകാന്ത്

ചെന്നൈ: തമിഴ്നാടിന്‍റെ മുഖ്യമന്ത്രി പദം ആഗ്രഹിച്ചിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് തമിഴ് സൂപ്പർതാരം രജനീകാന്ത്. തന്‍റെ പാർട്ടിയുടെ നേതാവായി തന്നെ തുടരാനാണ് താൽപര്യം. പ്രതിപക്ഷ നേതാവിനു സമാനമായ സ്ഥാനമാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തിൽ ഒരു മാറ്റത്തിനുള്ള ശ്രമമാണ് നടത്തുന്നതെന്നും രജനീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

ആര് മുഖ്യമന്ത്രി പദത്തിൽ എത്തുമെന്ന ചോദ്യത്തിനോട് താരം പ്രതികരിച്ചില്ല. എന്നാൽ, ഉത്തരവാദിത്തമുള്ള, ആത്മാഭിമാനമുള്ള ഒരാളെ തെരഞ്ഞെടുക്കുമെന്ന് രജനീകാന്ത് പറഞ്ഞു. മാറ്റം കൊണ്ടുവരാൻ പുതിയ പ്രസ്ഥാനം സൃഷ്ടിക്കേണ്ടതുണ്ടെന്ന് പറഞ്ഞ താരം, പാർട്ടിക്ക് പേരുകളൊന്നും നിർദ്ദേശിക്കപ്പെട്ടിട്ടില്ലെന്നും പ്രതികരിച്ചു.

തമിഴ് സിനിമയിലെ ഏറ്റവും പ്രശസ്തനായ നടന്മാരിൽ ഒരാളായ രജനീകാന്ത് 2017 ലെ പുതുവത്സരാഘോഷത്തിലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. രാഷ്ട്രീയവും സിനിമയും തമിഴ്‌നാട്ടിൽ കൈകോർത്തുപോകുന്നെന്നും, തമിഴ്നാട്ടിൽ നിന്നും മൂന്ന് മുൻ ചലച്ചിത്ര വ്യവസായ പ്രൊഫഷണലുകളായ എം ജി രാമചന്ദ്രൻ, എം. കരുണാനിധി, ജെ ജയലളിത എന്നിവരെ അധികാരത്തിലേറ്റിയതും ഇവിടുത്തെ ജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലഭിച്ച പല അവസരങ്ങളും താരം ഒഴിവാക്കുകയായിരുന്നു. താൻ ഒരു ബിജെപിക്കാരനാണെന്ന ഊഹാപോഹങ്ങളെയും അദ്ദേഹം തള്ളി. ഒരിക്കൽ നരേന്ദ്രമോദിയെയും അമിത്ഷായെയും ശ്രീകൃഷ്നനോടും അർജുനനോടും താരതമ്യപ്പെടുത്തിയത് വലിയ ചർച്ചക്ക് ഇടയാക്കിയിരുന്നു. എന്നാൽ ഡൽഹി കലാപത്തിൽ കേന്ദ്രത്തിനെതിരായ നിലപാട് സ്വീകരിച്ചതോടെ രജനീകാന്തിന്‍റെ രാഷ്ട്രീയ ചായ്വിനെക്കുറിച്ച് ആശയകുഴപ്പത്തിലായിരിക്കുകയാണ് ആരാധകരടക്കമുള്ളവർ.

അടുത്ത വർഷം തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയും പ്രതിപക്ഷമായ ഡി.എം.കെ പാർട്ടിയും തമ്മിലുള്ള മത്സരമായിട്ടാണ് കാണപ്പെടുന്നത്. എന്നാൽ, താനും മത്സരരംഗത്തുണ്ടാകുമെന്ന് രജനീകാന്ത് പറഞ്ഞു.

Content Highlight: Rajanikanth on his new political party