തൃശൂരിന് പിന്നാലെ പാലക്കാടും  അച്ചടക്ക നടപടി; മൂന്ന് പഞ്ചായത്ത് കമ്മറ്റികള്‍ പിരിച്ചുവിട്ട് ബിജെപി

Disciplinary action in Palakkad BJP After the Kerala local poll results

തൃശൂരിന് പിന്നാലെ പാലക്കാട് ബിജെപിയിലും നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച് നേതൃത്വം. പാലക്കാട് സംസ്ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ എട്ടുപേരെ ആറു വര്‍ഷത്തേക്കാണ് പാര്‍ട്ടി പുറത്താക്കിയത്. മൂന്ന് പഞ്ചായത്ത് കമ്മിറ്റികളും പിരിച്ചുവിട്ടു. പൂക്കോട്ടുകാവ്, തേങ്കുറിശ്ശി, കണ്ണാടി എന്നീ പഞ്ചായത്തുകളിലെ ബിജെപി കമ്മറ്റികളാണ് പിരിച്ചു വിട്ടത്. പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ മറികടന്ന് പ്രവര്‍ത്തിച്ചതിനാണ് നടപടി.

എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിനാണ് സംസ്ഥാന കൗണ്‍സില്‍ അംഗം എകെ ലോകനാഥനെ പുറത്താക്കിയത്. ജില്ലാ കമ്മറ്റി അംഗം ബി.കെ ശ്രീലത, ലക്കിടി പേരൂര്‍ പഞ്ചായത്ത് കമ്മറ്റി അംഗം എന്‍.തിലകന്‍, കര്‍ഷകമോര്‍ച്ച ലക്കിടി പേരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, ലക്കിടി പേരൂരിലെ അശോക് കുമാര്‍, തേങ്കുറിശ്ശിലെ എം ശ്യാംകുമാര്‍, മരുതറോഡിലെ ശ്രീജ രാജേന്ദ്രന്‍, ഒറ്റപ്പാലത്തെ സ്മിത നാരായണന്‍ എന്നീ നേതാക്കളെയും ബിജെപി പുറത്താക്കിയിട്ടുണ്ട്.

നേരത്തെ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിന് തൃശൂരിലും ബിജെപി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കെ കേശവദാസ്, കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ലളിതാംബിക എന്നിവരുള്‍പ്പെടെ ഒമ്പതുപേരെയാണ് ആറു വര്‍ഷത്തേയ്ക്ക് പുറത്താക്കിയത്. ബി.ഗോപാലകൃഷ്ണന്‍ തോറ്റ വാര്‍ഡിലെ സിറ്റിങ്ങ് കൗണ്‍സിലറായിരുന്നു ലളിതാംബിക. ഗോപാലകൃഷ്ണനെ പരാജയപ്പെടുത്താന്‍ വോട്ടു മറിച്ചതായി ആക്ഷേപം ഉണ്ടായിരുന്നു.

content highlights: Disciplinary action in Palakkad BJP After the Kerala local poll results