ആലപ്പുഴ നഗരസഭാധ്യക്ഷ സ്ഥാനം സംബന്ധിച്ച തർക്കം; സിപിഎം പ്രവര്‍ത്തകർ പ്രകടനം നടത്തി

Protest in CPM on Alappuzha Municipality Chairperson

ആലപ്പുഴ നഗരസഭാധ്യക്ഷ സ്ഥാനം സംബന്ധിച്ച സിപിഎം തീരുമാനത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി. ആലപ്പുഴ നഗരസഭാ അധ്യക്ഷയായി സൗമ്യ രാജിനെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു പ്രതിഷേധം.

മുതിര്‍ന്ന പാര്‍ട്ടി അംഗം കെകെ ജയമ്മയെ അധ്യക്ഷയാക്കണം എന്നാവശ്യപ്പെട്ടായിരുന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ഒരു വിഭാഗം പാര്‍ട്ടി കൊടികളുമേന്തി പ്രകടനം നടത്തിയത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പിപി ചിത്തരഞ്ജന് എതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തിയത്.

അതേസമയം, വോട്ടെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശമനുസരിച്ച് ജയമ്മയാണ് സൗമ്യ രാജിനെ അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്. തീരുമാനത്തില്‍ മാറ്റമില്ലെന്നും പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധം പാര്‍ട്ടി രീതിയല്ലെന്നും ആര്‍.നാസര്‍ പ്രതികരിച്ചു. 

content highlights: Protest in CPM on Alappuzha Municipality Chairperson