കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ രാഹുല്‍ ഇറ്റലിയിൽ; പരിഹസിച്ച് ബിജെപി, പിന്നാലെ കോൺഗ്രസിൻ്റെ വിശദീകരണം

Rahul Gandhi Abroad, Congress Defends Absence At Foundation Day

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 136-ാം സ്ഥാപക ദിനത്തില്‍ രാഹുല്‍ ഗാന്ധിയുടെ അഭാവം ദേശീയതലത്തിൽ ചർച്ചയാക്കിയിരിക്കുകയാണ് ബിജെപി.  രാഹുല്‍ ഗാന്ധി ടൂറിസ്റ്റ് പൊളിറ്റീഷ്യനാണെന്നതടക്കമുള്ള വിമർശനങ്ങളുമായി ബിജെപി രംഗത്തുവന്നിരുന്നു. രാഹുല്‍ ഗാന്ധി ഏതാനും ദിവസത്തേക്ക് വിദേശത്തായിരിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ഞായറാഴ്ച അറിയിച്ചത്. ഇറ്റലിയിലെ മിലാനിലേക്കാണ് രാഹുല്‍ പോയതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 

സംഭവം ബിജെപി ആയുധമാക്കിയതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. രാഹുലിന്റെ യാത്ര മുത്തശ്ശിയെ കാണാനാണെന്നായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞത്. ‘രാഹുല്‍ ഗാന്ധി പോയിരിക്കുന്നത് മുത്തശ്ശിയെ കാണാനാണ്, അത് തെറ്റാണോ? വ്യക്തിപരമായ സന്ദര്‍ശനങ്ങള്‍ നടത്താനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ബിജെപി കളിക്കുന്നത് തരം താണ രാഷ്ട്രീയമാണ്. ഒരു നേതാവിനെ മാത്രം ഉന്നം വെക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അവര്‍ രാഹുല്‍ ഗാന്ധിയെ ഉന്നം വെക്കുന്നത്’, കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ഞായറാഴ്ചയാണ് രാഹുല്‍ഗാന്ധി വ്യക്തിപരമായ ആവശ്യത്തിനായി ഇറ്റലിയിലേക്ക് പോയത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനസ്ഥലത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടില്ല. കുറച്ചു ദിവത്തേക്ക് രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ ഉണ്ടായിരിക്കുകയില്ലെന്ന് മാത്രമാണ് പാർട്ടി അറിയിച്ചത്.

content highlights: Rahul Gandhi Abroad, Congress Defends Absence At Foundation Day