പത്തനംതിട്ടയിൽ ഗർഭിണിയായ പശുവിനോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത. വീടിന് സമീപം കെട്ടിയിരുന്ന എട്ടുമാസം ഗർഭിണിയായ പശുവിനെ അജ്ഞാതര്‍ മരത്തിൽ ചേർത്ത് കരുക്കിട്ട് കൊന്നു. ഇടമുറി കിഴക്കേചെരുവില്‍ സുന്ദരേശന്റെ എട്ടുമാസം ഗര്‍ഭിണിയായ പശുവിനെയാണ് കുരുക്കിട്ട് കൊന്നനിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ചയാണ് സംഭവം. വീടിന് സമീപത്തെ ബന്ധുവിന്റെ പറമ്പിൽ മേയാൻ വിട്ടിരുന്ന പശുവിനെ സന്ധ്യയോടെ കാണാതായി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ചേത്തയ്ക്കല്‍ റബ്ബര്‍ബോര്‍ഡ് ബി ഡിവിഷന്റെ ഓഫീസിന് സമീപം പശുവിനെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. റബർ ബോർഡ് വക തോട്ടത്തിൽ കയറിയെന്നാരോപിച്ച് വാച്ചർ ഓഫിസിൽ എത്തിച്ച് കെട്ടിയിടുകയായിരുന്നു. നാട്ടുകാരും പ്രദേശത്തേക്ക് സംഘടിച്ചെത്തി. പൊലീസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
തുടര്‍ന്ന് പശുവുമായി വീട്ടിലെത്തിയ ഉടമ വീടിനടുത്തെ റബ്ബര്‍മരത്തിലാണ് പശുവിനെ കെട്ടിയത്. പിറ്റേന്ന് രാവിലെ ചത്ത നിലയിലാണ് പശുവിനെ കണ്ടെത്തിയത്. കയറുപയോഗിച്ച് വീട്ടുകാര്‍ കെട്ടിയത് കൂടാതെ കുരുക്കിട്ട് മറ്റൊരു മരത്തിലേക്ക് വലിച്ചു കെട്ടി ചലിക്കാനാവാത്ത നിലയിലായിരുന്നു പശു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പെരുനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
content highlights: cruelty to the pregnant cow in Pathanamthitta