സമരം തുടരുന്ന കർഷകരുമായുള്ള കേന്ദ്ര സർക്കാരിന്റെ ആറാം വട്ട ചർച്ച ഇന്ന്. കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷകരുടെ സമരം 35ആം ദിവസത്തിലേക്ക് കടക്കവെയാണ് കേന്ദ്രസർക്കാർ 6ആം വട്ട ചർച്ച നടത്തുന്നത്. നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികളിലൂന്നിയാകണം ചർച്ച എന്നാണ് കർഷകരുടെ ആവശ്യം. ഇന്ന്. വിജ്ഞാൻ ഭവനിൽ 2 മണിക്കാണ് ചർച്ച നടക്കുന്നത്.
ദേശീയ കർഷക കമ്മീഷൻ നിർദ്ദേശിച്ച താങ്ങ് വില ഉറപ്പാക്കല്‍, വൈക്കോൽ കത്തിക്കുന്നതിനെതിരെ സ്വീകരിക്കുന്ന ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാക്കല്‍, വൈദ്യുതി ഭേദഗതി ബില്ല് അനുകൂലമാക്കല്‍ എന്നിവയിലും കർഷകർ ചർച്ച ആവശ്യപ്പെട്ടിട്ടുണ്ട്. കർഷകർ ഉന്നയിച്ച വിഷയങ്ങളിലെല്ലാം ചർച്ച നടത്താമെന്നാണ് കർഷകർക്ക് കേന്ദ്രം നൽകിയിരിക്കുന്ന മറുപടി. സർക്കാർ വിട്ടുവീഴ്ചക്ക് തയ്യാറാകുന്നതിന്‍റെ സുചനകളൊന്നും പുറത്ത് വന്നിട്ടില്ല.
എന്നാൽ അതേസമയം കർഷകർക്ക് പിന്തുണയുമായി സി.ഐ.ടി.യു ഇന്ന് രാജ്യത്ത് ഒരു ലക്ഷം പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജനുവരി 7നും 8 നും ജയില്‍ നിറക്കല്‍ സമരവും സംഘടിപ്പിക്കും. ഹൈദരാബാദിലും ഇംഫാലിലും കിസാന് സംഘർഷ് സമിതിയും ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. സിംഗുവില്‍ നിന്ന് ഇന്ന് ആരംഭിക്കാനിരുന്ന ടാക്ടർ റാലി ചർച്ച നടക്കുന്നതിനാല്‍ നാളത്തേക്ക് മാറ്റി വെച്ചു.
Content Highlights; farmers protest