യുഡിഎഫ്, എസ്ഡിപിഐ പിന്തുണ വേണ്ട, നാല് എല്‍ഡിഎഫ് പ്രസിഡന്‍റുമാര്‍ രാജിവെച്ചു; ബിജെപി പിന്തുണച്ച റാന്നിയിലും രാജി

Four LDF Panchayath presidents resigned after UDF and SDPI extended support 

യുഡിഎഫ്, എസ്ഡിപിഐ പിന്തുണയില്‍ ലഭിച്ച പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് എല്‍ഡിഎഫ്. നാല് പഞ്ചായത്തുകളിലാണ് പ്രസിഡന്റ് പദവി മിനിറ്റുകള്‍ക്കുള്ളില്‍ എല്‍ഡിഎഫ് പ്രതിനിധികള്‍ രാജിവെച്ചത്. തൃശൂരില അവിണിശ്ശേരി, ആലപ്പുഴയിലെ തിരുവന്‍വണ്ടൂര്‍, പത്തനംതിട്ട കോട്ടാങ്ങല്‍, തിരുവനന്തപുരം പാങ്ങോട് എന്നിവിടങ്ങളിലാണ് ഇടത് പ്രസിഡന്റുമാര്‍ രാജിവെച്ചത്. പത്തനംതിട്ട റാന്നിയില്‍ ബിജെപി വോട്ടിലാണ് എല്‍ഡിഎഫിന്റെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചത്. ഇവിടെയും പ്രസിഡന്റ് പദം രാജിവെക്കുമെന്ന് എല്‍ഡിഎഫ് അറിയിച്ചു.

അവിണിശ്ശേരിയില്‍ ബിജെപി-6, എല്‍ഡിഎഫ്-5, യുഡിഎഫ് 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫ് പിന്തുണ കൂടി നേടി എട്ട് വോട്ടുകളോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. എന്നാല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എ.ആര്‍ രാജു ഉടന്‍ തന്നെ സ്ഥാനമൊഴിഞ്ഞു. തിരുവന്‍വണ്ടൂരില്‍ ബിജെപി ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ യുഡിഎഫ് പിന്തുണയോടെ എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചു. പിന്നാലെ യുഡിഎഫ് പിന്തുണ വേണ്ടെന്ന് അറിയിച്ച് എല്‍ഡിഎഫ് പ്രസിഡന്റ് രാജിവെച്ചു. 

പത്തനംതിട്ട കോട്ടാങ്ങലിലും തിരുവനന്തപുരം പാങ്ങോടും എസ്ഡിപിഐ പിന്തുണയിലാണ് എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനം നേടിയത്. രണ്ടിടത്തും ഇടതു പ്രസിഡന്റുമാര്‍ സ്ഥാനമൊഴിഞ്ഞു. എല്‍ഡിഎഫ്-5, ബിജെപി-5, യുഡിഎഫ്-2, എസ്ഡിപിഐ-1 എന്നിങ്ങനെയായിരുന്നു കോട്ടാങ്ങലില്‍ കക്ഷിനില. എസ്ഡിപിഐ പിന്തുണ തള്ളിക്കൊണ്ടാണ് സിപിഎമ്മിന്റെ ബിനു ജോസഫ് രാജിവെച്ചത്. റാന്നിയില്‍ ബി.ജെ.പി-സി.പി.ഐ.എം കൂട്ടുകെട്ട് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് പ്രസിഡന്റ് പദം ഒഴിയാനുള്ള എല്‍ഡിഎഫ് തീരുമാനം.

content highlights: Four LDF Panchayath presidents resigned after UDF and SDPI extended support