ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം 36-ാം ദിവസത്തിലേക്ക്. കര്‍ഷകരുടെ ആവശ്യത്തില്‍ ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ആറാമത്തെ യോഗത്തിലും സമവായമായില്ല. എന്നാല്‍ കര്‍ഷകര്‍ മുന്നോട്ടുവെച്ച വൈദ്യുതി നിയന്ത്രണ ബില്ല് പിന്‍വലിക്കുക, വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് എതിരെയുള്ള നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലും കൂടുതല്‍ ചര്‍ച്ചകള്‍ ജനുവരി നാലിന് നടക്കും.
എന്നാല്‍, കര്‍ഷകര്‍ ഉന്നയിച്ച നാല് കാര്യങ്ങളില്‍ രണ്ടെണ്ണത്തില്‍ തീരുമാനമായെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചു. ചര്‍ച്ചയില്‍ നാല് അജണ്ടകളാണ് കര്‍ഷകര്‍ മുന്നോട്ടുവെച്ചത്. ഇതില്‍ രണ്ട് നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി. വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കും, കാര്‍ഷിക അവശിഷ്ടം കത്തിക്കുന്നത് നിയന്ത്രിക്കുന്ന ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്തും എന്നീ നിര്‍ദേശങ്ങളാണ് കേന്ദ്രം സ്വീകരിച്ചത്.
അതേസമയം, പുതിയ കാര്‍ഷിക നിയമങ്ങളുടെ മറവില്‍ മധ്യപ്രദേശില്‍ കര്‍ഷകരില്‍നിന്ന് കോടികള്‍ തട്ടിച്ച് വ്യാപാരികള്‍ മുങ്ങിയതായി കര്‍ഷകര്‍ ആരോപിച്ചു. കര്‍ഷകരില്‍നിന്ന് വിളകള്‍ നേരിട്ട് വാങ്ങി പണം നല്‍കാതെ നിരവധി വ്യാപാരികളാണ് മുങ്ങി കളഞ്ഞതെന്നാണ് പരാതി. വണ്ടി ചെക്കുകള്‍ നല്‍കിയാണ് വ്യാപാരികള്‍ കര്‍ഷകരെ പറ്റിച്ചത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് വ്യാപാരികള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും കര്‍ഷകരില്‍നിന്ന് നേരിട്ട് വിളകള്‍ വാങ്ങാനുള്ള അവസരം ഒരുങ്ങിയത്. മധ്യപ്രദേശിലെ കര്‍ഷകര്‍ക്കാണ് ദുരവസ്ഥ ചൂണ്ടികാട്ടി രംഗത്ത് വന്നത്.
Content Highlight: Farmers protest to 36th day