രാജ്യത്ത് എല്ലായിടത്തും കോവിഡ് വാക്സിൻ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ. കൊവിഡ് വാക്സിനുമായി ബന്ധപെട്ട തെറ്റായ പ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ വ്യക്തമാക്കി. വിതരണത്തിന്‍റെ ഭാഗമായുള്ള മോക്ഡ്രിൽ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടന്നു.
കോവിഡ് വാക്സിൻ വിതരണ സംവിധാനം, വിവരങ്ങൾ അപ് ലോഡ് ചെയ്യൽ, വാക്സിനുകൾ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങൾ, വാക്സിൻ കുത്തി വെക്കുന്നതിനുള്ള പരിശീലനം, ബ്ലോക്ക്-ജില്ല-സംസ്ഥാന തല യോഗങ്ങളിലെ റിപ്പോർട്ടിങ്, അവലോകനം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് മോക് ഡ്രിലിൽ നടന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് രാജ്യത്ത് കോവിഡ് വാക്സിൻ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പ്രഖ്യാപിച്ചത്.
വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് കൊവി ഷീൽഡിന് അനുമതി നൽകണമെന്ന് ഉന്നതധികാര സമിതിയുടെ ശുപാർശ ഇപ്പോഴും കേന്ദ്ര സർക്കാർ പരിഗണനയിലാണ്. വാക്സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കലാണ് സർക്കാരിന്റെ മുൻഗണനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷവർധൻ പറഞ്ഞു. മോക് ഡ്രിൽ പൂർത്തിയായതോടെ വാക്‌സിൻ വിതരണത്തിന് രാജ്യം സജ്ജമായി.
Content Highlights; Harsh Vardhan says the covid vaccine will be free in India