പകുതി സീറ്റുമായി പ്രദര്‍ശനം നടത്താനാവില്ല; സംസ്ഥാനത്ത് തീയേറ്റര്‍ തുറക്കുന്നത് ചര്‍ച്ചയ്ക്ക് ശേഷമെന്ന് ഫിയോക്

തിരുവനന്തപുരം: സിനിമാശാലകള്‍ ജനുവരി അഞ്ചിന് തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി സിനിമാ സംഘടനയായ ഫിയോക്. ഈ മാസം അഞ്ചിന് എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരും. അതിനുശേഷം നിര്‍മാതാക്കളും വിതരണക്കാരും തമ്മില്‍ ചര്‍ച്ച നടത്തും. അതിനുശേഷമേ പ്രദര്‍ശനം സംബന്ധിച്ച അന്തിമ തീരുമാനമാകൂവെന്ന് സംഘടന അറിയിച്ചു.

പകുതി സീറ്റുമായി പ്രദര്‍ശനം നടത്തുന്നത് നഷ്ടമാണെന്നും, വൈദ്യുതി ഫിക്സഡ് ചാര്‍ജ്, വിനോദ നികുതി എന്നിവയില്‍ ഇളവുകിട്ടുമോയെന്ന് സര്‍ക്കാരിനോട് ആരാഞ്ഞശേഷമാകും തുടര്‍ തീരുമാനെന്നും സംഘടന അറിയിച്ചു. സിനിമാ സംഘടനയായ ഫിയോക്, നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീയേറ്റര്‍ ഉടമകളുടെയും സംയുക്ത സംഘടന കൂടിയാണ്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പത്ത് മാസത്തോളം അടച്ച സംസ്ഥാനത്തെ സിനിമ തീയറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കാന്‍ അനുവാദം നല്‍കിയിരുന്നു. സീറ്റിങ് കപ്പാസിറ്റിയുടെ പകുതി മാത്രമേ തിയറ്ററുകളില്‍ പ്രവേശനം അനുവദിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Content Highlight: Theater opening in Kerala may get late