സ്വാതന്ത്രാനന്തരം ഇത്ര ധാര്‍ഷ്ട്യം നിറഞ്ഞ സര്‍ക്കാര്‍ ആദ്യം; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി

ന്യൂഡല്‍ഹി:കാര്‍ഷക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ‘അന്നദാതാക്കളുടെ’ കഷ്ടപ്പാടുകള്‍ പോലും കാണാന്‍ കഴിയാത്ത ധാര്‍ഷ്ട്യം നിറഞ്ഞ ഒരു സര്‍ക്കാര്‍ സ്വാതന്ത്രാനന്തരം ഇതാദ്യമായാണ് അധികാരത്തിലിരിക്കുന്നതെന്ന് തുറന്നടിച്ച സോണിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യമുയര്‍ത്തി.

ജനാധിപത്യത്തിന്റെ പൊതുവികാരങ്ങളെ അവഗണിക്കുന്ന സര്‍ക്കാരുകള്‍ക്കും നേതാക്കള്‍ക്കും അധികകാലം ഭരിക്കാനാവില്ലെന്നും ഹിന്ദിയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ സോണിയ ഗാന്ധി തുറന്നടിച്ചു. കേന്ദ്രത്തിന്റെ നയത്തിനു മുന്നില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ വഴങ്ങില്ലെന്ന് ഇപ്പോള്‍ വ്യക്തമാണ്.

ഇനയും സമയമുണ്ട്, കൊടും തണുപ്പിലും പ്രതികൂല കാലാവസ്ഥയിലും മരിക്കുന്ന കര്‍ഷകരുടെ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ മോഡി സര്‍ക്കാര്‍ അധികാരത്തിന്റെ ധാര്‍ഷ്ട്യം ഉപേക്ഷിച്ച്, ഉടന്‍ തന്നെ മൂന്ന് കറുത്ത നിയമങ്ങളും പിന്‍വലിക്കണം. ഇത് രാജ് ധര്‍മ്മമാണ്. ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് യഥാര്‍ത്ഥ ആദരാഞ്ജലിയാണെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

നീണ്ട 39 ദിവസമായി ഡല്‍ഹി അതിര്‍ത്തിയില്‍ കടുത്ത തണുപ്പിലും മഴയിലും പ്രക്ഷോഭം നടത്തുന്ന അന്നദാതാക്കളുടെ അവസ്ഥ കണ്ട് രാജ്യത്തെ ജനങ്ങളോടൊപ്പം താനും അസ്വസ്ഥയാകുന്നുവെന്നും സോണിയ പറഞ്ഞു.

Content Highlight: First time such arrogant government in power, must withdraw farm laws unconditionally: Sonia Gandhi