കര്‍ഷക സമരം 40-ാം ദിവസത്തിലേക്ക് കടന്നു; കേന്ദ്രവുമായി നിര്‍ണായക ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷക സംഘടനകളുമായുള്ള സര്‍ക്കാരിന്റെ ഏഴാം വട്ട ചര്‍ച്ച ഇന്ന് നടക്കും. വിജ്ഞാന്‍ ഭവനില്‍ ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചര്‍ച്ചയില്‍ 40 കര്‍ഷക സംഘടന പ്രതിനിധികള്‍ പങ്കുചേരും. നിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ചാകണം ചര്‍ച്ചയെന്നും പരാജയപ്പെട്ടാല്‍ സമരം ശക്തമാക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു.

അതിശൈത്യത്തിനും മഴക്കുമിടെയാണ് കര്‍ഷക സമരം 40-ാം ദിവസം പിന്നിട്ടത്. ഡിസംബര്‍ 31ന് നടത്തിയ ചര്‍ച്ചയില്‍ വൈദ്യുതി ഭേദഗതി ബില്‍ 2020ന്റെ കരട് പിന്‍വലിക്കാനും വൈക്കോല്‍ കത്തിക്കുന്നത് നിയന്ത്രിക്കുന്ന വായു മലിനീകരണ ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിരുന്നു.

ഇത്തവണത്തെ ചര്‍ച്ച കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ പിന്‍വലിക്കണം എന്നതില്‍ ഊന്നിയാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. താങ്ങുവില നിയമപരമാക്കണം എന്ന ആവശ്യത്തിലും കര്‍ഷകര്‍ ഉറച്ച് നില്‍ക്കുകയാണ്. ഇക്കാര്യങ്ങളില്‍ കേന്ദ്രം ഇതുവരെ വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല.

Content Highlight: Farmers Protest moving to 40th day