ആര്‍എസ്എസിനെതിരെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. കര്‍ഷകരുടെ ക്ഷേമത്തെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ അതാണ് ദേശീയവാദം. മുറി ട്രൗസര്‍ ധരിച്ചുകൊണ്ട് നാഗ്പുരില്‍ ഫോണിലുടെ പ്രസംഗം നടത്തുന്നതല്ല ദേശീയതയെന്ന് സച്ചിൻ പെെലറ്റ് പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ നാളുകളായി പ്രതിഷേധിക്കുമ്പോഴും സര്‍ക്കാര്‍ ‘ലവ് ജിഹാദി’നെക്കുറിച്ചും വിവാഹങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെ ഇരുട്ടിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും തീരുമാനങ്ങള്‍ പിന്‍വലിക്കുന്നതോ റദ്ദാക്കുന്നതോ സര്‍ക്കാരിനെ തോല്‍പിക്കില്ലെന്ന് മനസ്സിലാക്കാന്‍ കേന്ദ്രം തയ്യാറാകണം. ഭേദഗതികള്‍ വരുത്തുന്നതും നിയമങ്ങള്‍ പിന്‍വലിക്കുന്നതും ഖേദം തോന്നുന്നതുമെല്ലാം നേതാക്കളുടെ ഔന്നത്യം വര്‍ധിപ്പിക്കുകയേയുളളു. സച്ചിന്‍ പൈലറ്റ് പറഞ്ഞു. ഈ രാജ്യത്ത് ഭൂരിഭാഗം കര്‍ഷക നേതാക്കളും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും മറ്റ് ചില പാര്‍ട്ടികളില്‍ നിന്നുമുള്ളവരാണെന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. ബിജെപിയില്‍ നിന്ന് ഒരു കര്‍ഷക നേതാവ് പോലുമില്ല. ഉണ്ടാകാന്‍ കഴിയില്ല. അദ്ദേഹം കൂട്ടിചേർത്തു.
content highlights: Nationalism is not delivering phony speeches from Nagpur wearing half-pants: Sachin Pilot