നിർബന്ധിത മതപരിവർത്തനത്തിനെതിരെയുള്ള നിയമങ്ങൾ പരിശോധിക്കും; സുപ്രീം കോടതി

Top Court To Examine Laws Against Unlawful Conversion In UP, Uttarakhand

നിയമവിരുദ്ധ മതപരിവർത്തനങ്ങൾക്കെതിരെ കൊണ്ടുവന്ന നിയമത്തിൻ്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു. എന്നാൽ നിയമം സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു. ഉത്തർപ്രദേശിലെ നിയമവിരുദ്ധ മതപരിവർത്തന ഓർഡിനൻസ് 2020, ഉത്തരാഖണ്ഡിലെ മതസ്വാതന്ത്ര നിയമം 2018 എന്നിവയുടെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹർജികളാണ് കോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. 

വിവിധ സംസ്ഥാനങ്ങളിൽ സമാനമായ നിയമം കൊണ്ടുവരുന്നുണ്ടെന്നും സുപ്രീം കോടതി ഇത് പരിശോധിക്കണമെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.യു. സിങ് കോടതിയോട് ആവശ്യപ്പെട്ടു.  ഈ നിയമങ്ങളിലെ ചില വ്യവസ്ഥകൾ അടിച്ചമർത്തുന്നതും ഭയം ജനിപ്പിക്കുന്നതുമാണ്. നിയമത്തിൽ വിവാഹം കഴിക്കാൻ സർക്കാരിൻ്റെ മുൻകൂർ അനുമതി ആവശ്യമാണെന്ന് പറയുന്നു. അത് തികച്ചും നിന്ദ്യമാണെന്നും സിംഗ് കൂട്ടിചേർത്തു. ഈ സാഹചര്യത്തിലാണ് നിയമം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമങ്ങളിലെ വ്യവസ്ഥകൾക്ക് സ്റ്റേ നൽകണമെന്ന് സി.യു.സിങ് ആവശ്യപ്പെട്ടപ്പോൾ സംസ്ഥാനങ്ങളുടെ അഭിപ്രായം കേൾക്കാതെ എങ്ങനെ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. 

content highlights: Top Court To Examine Laws Against Unlawful Conversion In UP, Uttarakhand