മതപരമായ വസ്തുക്കളുടേയും മന്ത്രോപകരണങ്ങളുടേയും പരസ്യങ്ങൾ തടയണം; ബോംബെ ഹെെക്കോടതി

No channel can telecast ads on religious items: Bombay HC

സമ്പത്തും സമൃദ്ധിയും വർദ്ധിക്കുമെന്ന് പറഞ്ഞുള്ള മതപരമായ വസ്തുക്കളുടേയും മന്ത്രോപകരണങ്ങളുടേയും പരസ്യങ്ങൾ തടയണമെന്ന് ബോംബെ ഹെെക്കോടതി. ഇത്തരം പരസ്യം നൽകുന്ന കമ്പനികൾക്കും ചാനലുകൾക്കും അതിൽ അഭിനയിക്കുന്ന നടീനടന്മാർക്കുമെതിരെ വഞ്ചനയ്ക്കും കൂടോത്ര നിരോധന നിയമപ്രകാരവും കേസെടുക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദേശവും നൽകി.

ജസ്റ്റിസുമാരായ തനാജി നലവാഡെ, മുകുന്ദ് സേവ്ലിക്കർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇത്തരം പരസ്യങ്ങൾ നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും പൊതുതാൽപര്യ ഹർജി പരിഗണിച്ചു കൊണ്ട് ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം ഉണ്ടെങ്കിലും ശാസ്ത്രീയ മനോഭാവവും വളർച്ചയും ഉണ്ടായിട്ടില്ലെന്നും വിദ്യാസമ്പന്നർ പോലും ഇത്തരം മന്ത്രതന്ത്രങ്ങളിൽ ആകൃഷ്ടരാകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 

മതപരമായ വസ്തുക്കളെ വെച്ചുകൊണ്ടുള്ള ഇത്തരം പരസ്യങ്ങൾ ബ്ലാക്ക് മാജിക് നിയമത്തിലെ വ്യവസ്ഥകൾക്കെതിരാണെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. റോനിത് റോയ്, അനുപ് ജലോട്ട, മുകേഷ് ഖന്ന, മനോജ് കുമാർ തുടങ്ങിയ അഭിനേതാക്കൾക്കെതിരേയും നടപടി വേണമെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. ഭഗവാൻ ഹനുമാൻ്റേതാണെന്ന് അവകാശപ്പെടുന്ന ഒരു യന്ത്രം വാങ്ങിയാൽ അമാനുഷിക ശക്തിയുണ്ടാകുമെന്ന് പരസ്യചിത്രത്തിൽ നിർമാതാക്കൾ അവകാശപ്പെടുന്നുണ്ടെന്നും ഹനുമാൻ ചാലിസ പോലുള്ള യന്ത്രങ്ങൾ വിൽക്കുക വഴി സമ്പത്തും സമൃദ്ധിയും ഉണ്ടാകില്ലെന്ന് കോടതിക്ക് അറിയാമെന്നും ജസ്റ്റിസ് നലവാഡെ പറഞ്ഞു.  

content highlights: No channel can telecast ads on religious items: Bombay HC