ആർട്ടിക്കിൾ 19ലെ അഭിപ്രായ സ്വാതന്ത്ര്യം എന്തും വിളിച്ച് പറയാനുള്ള അവകാശമല്ല; ബോംബേ ഹെെക്കോടതി

Freedom Of Speech And Expression Not An Absolute Right: Bombay High Court

ഭരണഘടനയിലെ ആർട്ടിക്കിൾ 19 പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യം എന്തും വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യമല്ല വിഭാവനം ചെയ്യുന്നതെന്ന് ബോംബേ ഹെെക്കോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും മകൻ ആദിത്യ താക്കറെയ്ക്കുമെതിരെ അധിക്ഷേപകരമായ പ്രസ്താവനകൾ നടത്തിയതിന് കേസെടുത്തതിനെ ചോദ്യം ചെയ്ത യുവതിയുടെ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. വിവാദ പ്രസ്താവന നടത്തിയ സംഭവത്തിൽ തന്നെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് സുനെെന ഹോളി എന്ന യുവതിയാണ് ഹർജി സമർപ്പിച്ചത്. എന്നാൽ സുനെെനയുടെ ഹർജി കോടതി തള്ളി. 

ആർട്ടിക്കിൾ 19 ഉറപ്പുവരുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം റദ്ദ് ചെയ്യപ്പെടുകയാണെന്നാണ് സുനെെനയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. എന്നാൽ ആർട്ടിക്കിൾ 19 പ്രകാരം സ്വതന്ത്ര്യമായി സംസാരിക്കാനും അഭിപ്രായപ്രകടനം നടത്താനുമുള്ള ഒരാളുടെ അവകാശം പരമമായ ഒന്നല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ജസ്റ്റിസ് എസ്.എസ് ഷിന്‍ഡെ, എം.എസ് കര്‍ണിക് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സുനെെനയ്ക്കെതിരെ മൂന്ന് എഫ്.ഐ.ആറുകളാണ് വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ സുനെെന സഹകരിക്കുന്നില്ലെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. അന്വേഷണവുമായി സഹകരിച്ച് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സുനെെന സ്വമേധയ സമ്മതിച്ചാൽ രണ്ടാഴ്ചത്തേയ്ക്ക് അറസ്റ്റ് നടപടികൾ നിർത്തിവെയ്ക്കാമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്ന് സുനൈന ഉറപ്പ് നല്‍കി.

content highlights: Freedom Of Speech And Expression Not An Absolute Right: Bombay High Court