ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കാനൊരുങ്ങി സർക്കാർ. ബാറുകൾ തുറന്ന സാഹചര്യത്തിൽ ആപ്പിന് പ്രസക്തി ഇല്ലെന്നാണ് എക്സൈസ് വകുപ്പിന്റെ വിലയിരുത്തൽ. കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പ് വരുത്തുന്നതിനായി കഴിഞ്ഞ മെയ് 27 മുതൽ ബെവ്ക്യൂ ആപ്പ് വഴി ബുക്ക് ചെയ്താണ് മദ്യ വിൽപ്പന നടന്നിരുന്നത്. ബാറുകളിലെ കൌണ്ടറുകൾ വഴിയും പാഴ്സൽ വിൽപ്പന മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ മാസം 24 മുതൽ ബാറുകളിലെ പാഴ്സൽ വിൽപ്പന ഒഴിവാക്കി.
ആപ്പ് വഴിയുള്ള ബുക്കിംഗ് ബിവറേജസ്, കൺസ്യൂമർഫെഡ് വിൽപ്പന ശാലകൾക്ക് മാത്രമായി ചുരുക്കി. ബാറുകളിൽ ബുക്കിംഗില്ലാതെ മദ്യം ലഭിക്കുന്ന സാഹചര്യത്തിൽ ആപ്പ് വഴി ബുക്കിംഗ് തുടരുന്നത് ബെവ്കോക്കും കൺസ്യൂമർ ഫെഡിനും വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് ബെവ്ക്യൂ ആപ്പ് ഒഴിവാക്കാൻ നീക്കം നടക്കുന്നത്.
അതേസമയം ബുക്ക് ചെയ്ത മദ്യം വാങ്ങാനുള്ള സൌകര്യം നില നിർത്തണമെന്നാവശ്യപെട്ട് ബെവ്ക്യൂ ആപ്പ് വികസിപ്പിച്ച കമ്പനി സർക്കാരിന് കത്ത് സമർപ്പിച്ചു. ബുക്ക് ചെയ്ത് സമയം നിശ്ചയിച്ച് വരുന്നവർക്കായി ആപ്പ് നിലനിർത്തണമെന്നും ഇവർക്കായി പ്രത്യേക കൌണ്ടർ ഒരുക്കണമെന്നും കമ്പനി അഭ്യർത്ഥിച്ചു. തിരക്ക് കുറക്കുന്നതിന് ഇത് സഹായകമാകുമെന്നും നിവേദനത്തിൽ വ്യക്തമാക്കി.
Content Highlights; government to leave bevq app