കൊച്ചി: ഡോളര്‍ കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായി. ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ അറസ്റ്റിലായ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയ്യപ്പനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് രണ്ട് തവണ നോട്ടീസ് അയച്ചിരുന്നെങ്കിലും പല കാരണങ്ങള്‍ ചൂണ്ടികാട്ടി അയ്യപ്പന്‍ ഒഴിഞ്ഞ് മാറുകയായിരുന്നു. ഇതോടെ അയ്യപ്പന്റെ വീട്ടിലേക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് അയക്കുകയായിരുന്നു. എട്ടു മണിയോടെ എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തിയ അയ്യപ്പന്‍ അവിടെ നിന്നും ഓട്ടോ റിക്ഷയിലാണ് കസ്റ്റംസ് ഓഫീസിലെത്തിയത്.
അതേസമയം, സ്പീക്കറുടെ സെക്രട്ടറിയെ ചോദ്യം ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസിന് നിയമസഭ സെക്രട്ടറി നല്‍കിയ കത്തിന് കസ്റ്റംസ് മറുപടി നല്‍കിയിരുന്നു. എന്നാല്‍ ചട്ടങ്ങളുടെ പേരിലാണ് അത്തരമൊരു കത്ത് നല്‍കിയതെന്നും കേസ് അട്ടിമറിക്കണമെന്ന യാതൊരു വിധ ഉദ്ദേശവും തനിക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.
Content Highlight: Speaker’s Assistant Private Secretary K Ayyappan present before Customs