2020 ലെ ഉയര്‍ന്ന ശബ്ദ നിലവാരം വോഡഫോണ്‍-ഐഡിയയുടേത്; കണക്കുകള്‍ പുതുക്കി ട്രായ്

ന്യൂഡല്‍ഹി: 2020 ലെ ഏറ്റവും മികച്ച ശബ്ദ നിലവാരം നല്‍കിയ മൊബൈല്‍ കമ്പനി വോഡാഫോണ്‍-ഐഡിയയാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ റിപ്പോര്‍ട്ട്. എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ജിയോ എന്നിവയേക്കാള്‍ ഉയര്‍ന്ന ശബ്ദ നിലവാരം 2020 ഡിസംബറില്‍ വോഡഫോണ്‍ ഐഡിയ നല്‍കിയതോടെയാണ് നെറ്റ്‌വര്‍ക്കുകളില്‍ മികച്ച ശബ്ദ നിലവാരം നല്‍കിയത് വി ആണെന്ന നിഗമനത്തില്‍ ട്രായ് എത്തിയത്.

ഇന്ത്യയിലെ ടെലികോം വരിക്കാര്‍ക്കു ഫീഡ്ബാക്ക് റേറ്റിംഗ് നല്‍കാന്‍ മൈ കോള്‍ ആപ്പ് നല്‍കിയ അവസരം പ്രയോജനപ്പെടുത്തിയായിരുന്നു ട്രായ് ഫലം പുറത്തു വിട്ടത്. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ജിയോയെ പിന്നിലാക്കിയാണ് വി മുന്നേറിയത്. 4.9 ശരാശരി വോയ്സ് ക്വാളിറ്റി റേറ്റിംഗാണ് വോഡഫോണ്‍ നേടിയത്. ഈ റേറ്റിംഗ് ഇന്‍ഡോര്‍, ഔട്ട്ഡോര്‍ കോള്‍ നിലവാരമാണ്. 97.59 ശതമാനം തൃത്രികരമായ റേറ്റിങ്ങാണ് ഈ മാസം ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചതെന്നും ട്രായ് സൂചിപ്പിച്ചു.

അടുത്തിടെ വോഡഫോണ്‍, ഐഡിയ -വി എന്ന ഒറ്റ കമ്പനിയായി ലയിപ്പിച്ചിട്ടും ട്രായ് അതിന്റെ മൈസ്പീഡ് പോര്‍ട്ടലിലും മൈ കോള്‍സ് പോര്‍ട്ടലിലും രണ്ട് വ്യത്യസ്ത ടെലികോം കമ്പനികളായി വോഡഫോണിനെയും ഐഡിയയെയും കണക്കാക്കുന്നു. 2020 ഡിസംബറില്‍ വോയ്സ് നിലവാരം നല്‍കുന്ന കാര്യത്തില്‍ വോഡഫോണിന് രണ്ടാം സ്ഥാനമുണ്ടായിരുന്നു.

Content Highlight: Vodafone Idea delivered highest voice quality in December 2020, reveals TRAI