കൊച്ചി: പണി പൂര്‍ത്തിയായ വൈറ്റില, കുണ്ടന്നൂര്‍ മേല്പാലങ്ങള് മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിച്ച മേല്‍പ്പാലങ്ങള്‍ക്ക് 169.08 കോടി രൂപയാണ് ആകെ ചെലവായത്. വളരെയധികം പ്രതിസന്ധികള്‍ക്കിടയിലും വളരെ വേഗം തന്നെ പൊതുമരാമത്ത് ദേശീയപാത വിഭാഗം മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചെന്നാണ് പൊതുമരമാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് പറഞ്ഞു.
717 മീറ്റര്‍ ദൂരത്തില്‍ 86.34 കോടി രൂപ ചെലവിലാണ് വൈറ്റില മേല്‍പ്പാലം പൂര്‍ത്തിയായത്. സംസ്ഥാനത്ത് ഏറ്റവും തിരക്കേറിയ ജംഗ്ഷനിലൊന്നായാണ് വൈറ്റിലയെ കണക്കാക്കുന്നത്. അതേസമയം എന്‍എച്ച് 66, എന്‍എച്ച് 966ബി, എന്‍എച്ച് 85 എന്നിവ സംഗമിക്കുന്ന ഇടമാണ് കുണ്ടന്നൂര്‍. 701 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ 82.74 കോടി രൂപ ചെലവിട്ടാണ് പാലം പൂര്‍ത്തീകരിച്ചത്.
കഴിഞ്ഞ മാസത്തോടെ പാലത്തിന്റെ ഭാര പരിശോധനയും വളരെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. കേരളത്തിലെ വാണിജ്യ തലസ്ഥാനമായ കൊച്ചിയുടെ നിലവിലുള്ള യാത്രാ കുരുക്കിന് വലിയൊരു പരിഹാരമാകാന്‍ പാലം തുറന്നു കൊടുക്കുന്നതിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ നിരീക്ഷണം.
Content Highlight: Vyttila flyover inauguration date Chief Minister Pinarayi Vijayan