ന്യൂഡല്‍ഹി: തുടര്‍ച്ചയായ 40 ദിവസങ്ങള്‍ പിന്നിട്ടിട്ടും അതിര്‍ത്തിയിലെ പ്രതിഷേധത്തില്‍ നിന്ന് കര്‍ഷകര്‍ വിട്ട് പോകാന്‍ തയാറാകാത്തതോടെ സംഭവത്തില്‍ ഇടപെട്ട് സുപ്രീംകോടതി. ഭേദഗതി ചെയ്ത നിയമത്തിന് തല്കാലത്തേക്ക് സ്റ്റേ നല്‍കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്കി. ഇതിന് പിന്നാലെയാണ് വിദഗ്ധ സമിതിയെ നിശ്ചയിക്കണമെന്ന കോടതി നിര്‍ദ്ദേശം അംഗീകരിക്കുന്നതായി കേന്ദ്രം അറിയിച്ചത്.
നിയമഭേദഗതി സ്റ്റേ ചെയ്യുമെന്ന തീരുമാനത്തില്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഉറച്ചു നിന്നതോടെയാണ് വിദഗ്ധ സമിതിയെ നിശ്ചയിക്കാമെന്ന തീരുമാനം കേന്ദ്രം അംഗീകരിക്കുന്നത്. വിദഗ്ധ സമിതിയിലേക്ക് പേര് നല്‍കാനായി ഒരു ദിവസത്തെ സമയം കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള ഒരു വിദഗ്ധ സമിതിയുണ്ടാക്കാമെന്നാണ് ഇന്ന് ചീഫ് ജസ്റ്റിസ് മുന്നോട്ട് വെച്ച നിര്‍ദ്ദേശം. നിയമത്തെ കുറിച്ചുള്ള എല്ലാ വശങ്ങളും പഠിച്ച് എല്ലാവര്ക്കും പറയാനുള്ളത് കേട്ട ശേഷം വിദഗ്ധ സമിതിയായിരിക്കും അഭിപ്രായം കോടതിയെ അറിയിക്കുക.
സമരം നടത്തുന്ന കര്‍ഷകര്‍ക്കും കോടതി നിര്‍ദ്ദേശം മുന്നോട്ട് വെച്ചു. ഇപ്പോള്‍ സമരം നടത്തുന്ന വേദി മാറ്റണം, മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും ഈ സമരത്തില്‍ നിന്ന് പിന്മാറണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യങ്ങള്‍ കര്‍ഷകരെ അറിയിക്കാന്‍ അഭിഭാഷകരെയും കോടതി ചുമതലപ്പെടുത്തി. സമരം ചെയ്യുന്ന കര്‍ഷകരെ ഇക്കാര്യങ്ങള്‍ അറിയിച്ച ശേഷം അവരുടെ മറുപടി അറിയിക്കാമെന്നാണ് അഭിഭാഷകര്‍ അറിയിച്ചിരിക്കുന്നത്.
ഹര്‍ജികളില്‍ ഉത്തരവ് ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇന്നോ നാളയോ ഉത്തരവ് ഉണ്ടാകുമെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ഇന്ന് ഭാഗികമായ ഒരു ഉത്തരവ് ഉണ്ടായേക്കുമെന്നും അദ്ദേഹം അറിയിച്ചു.
Content Highlight: Center admit SC opinion to make an Expert Committee to analyze Farmers Protest