തിരുവനന്തപുരം: കൊവിഡ് സാഹചര്യം പരിഗിച്ച് ജനുവരി 28 വരെ നീളേണ്ടിയിരുന്ന നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനം. പുതുക്കിയ തീരുമാന പ്രകാരം ജനുവരി 22 വരെയാണ് നിയമസഭ സമ്മേളനം ചേരുക. സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം 21ന് സഭയില്‍ ചര്‍ച്ചക്കെടുക്കാനും തീരുമാനമായി.
സഭാ ചരിത്രത്തില്‍ ഇത് മൂന്നാംതവണയാണ് ഒരു സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം സഭയുടെ പരിഗണനയില്‍ വരുന്നത്. 1982 ല്‍ എ.സി ജോസിനെതിരേയും 2004 ല്‍ വക്കം പുരുഷോത്തമനെതിരേയുമുള്ള പ്രമേയങ്ങളാണ് സഭയില്‍ മുമ്പ് ചര്‍ച്ചയ്ക്ക് വന്നിരുന്നത്. രണ്ട് പ്രമേയങ്ങളും പരാജയപ്പെട്ടിരുന്നു.
21 ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കൂറാണ് സ്പീക്കറെ നീക്കണമെന്ന പ്രമേയം അവതരിപ്പിക്കാന്‍ കാര്യോപദേശക സമിതി സമയം അനുവദിച്ചിരിക്കുന്നത്. നേരത്തെയും സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം അനുമതി തേടിയിരുന്നുവെങ്കിലും 14 ദിവസത്തെ ചട്ടപ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന ചട്ടം പാലിക്കാന്‍ കഴിയാത്തതിനാല്‍ അനുമതി നിഷേധിക്കുകയായിരുന്നു.
Content Highlight: Non Confidence Motion against speaker will discuss on January 21