സ്വപ്‌നയെ തൊട്ടടുത്തിരുത്തി ഭക്ഷണം കൊടുത്ത് നര്‍മ സംഭാഷണം നടത്തിയത് പ്രതിപക്ഷ നേതാവ്; ആഞ്ഞടിച്ച് വീണ ജോര്‍ജ്

തിരുവനന്തപുരം: സഭയില്‍ സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ വാഗ്വാദങ്ങള്‍ മുറുകുന്നതിനിടെ പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് ആറന്മുള എംഎല്‍എ വീണ ജോര്‍ജ്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനെ തൊട്ടടുത്തിരുത്തി ഭക്ഷണം കൊടുത്ത് നര്‍മ സംഭാഷണം നടത്തിയത് രമേശ് ചെന്നിത്തലയാണെന്നായിരുന്നു വീണ ജോര്‍ജിന്റെ ആരോപണം. സ്പീക്കര്‍ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.

നാലര വര്‍ഷക്കാലം ദിവസവും രണ്ടോ മൂന്നോ വട്ടം വാര്‍ത്താ സമ്മേളനം നടത്തി സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടിരുന്ന പ്രതിപക്ഷ നേതാവിനെ മാറ്റി വേറൊരാളെ പ്രതിഷ്ഠിക്കുന്ന ലാഘവത്തോടെയാണ് പ്രമേയം അവതരിപ്പിച്ചത്. സ്പീക്കര്‍ക്കെതിരെ എം ഉമ്മര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അദ്ദേഹത്തിന് തന്നെ വിശ്വാസമില്ലെന്നും, അടിസ്ഥാനമില്ലാതെ സ്വാര്‍ത്ഥലാഭത്തിന് വേണ്ടി സഭയെ കളങ്കപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രമേയം അവതരിപ്പിച്ചതെന്നും വീണ കുറ്റപ്പെടുത്തി.

ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ 145 കോടിയുടെ പദ്ധതി ടെണ്ടര്‍ ഒഴിവാക്കി ഊരാളുങ്കലിന് ഏല്‍പ്പിക്കാന്‍ എഴുതിയ കത്തും വീണ ജോര്‍ജ് ഉയര്‍ത്തി കാട്ടി. സംസ്ഥാന സര്‍ക്കാര്‍ ഭരണ മികവില്‍ രാജ്യത്ത് ഒന്നാമതെന്ന റെക്കോഡ് നേടുമ്പോള്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന റെക്കോഡാണ് പ്രതിപക്ഷത്തിലുള്ളതെന്നും എംഎല്‍എ കുറ്റപ്പെടുത്തി.

Content Highlight: Veena George MLA against Ramesh Chennithala