രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം 16 മുതല്‍; ആദ്യ ലോഡ് പുണെയില്‍ നിന്ന് പുറപ്പെട്ട് ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16 മുതല്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനായുള്ള ആദ്യ ലോഡ് വാക്‌സിന്‍ പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറപ്പെട്ട് ഡല്‍ഹിയിലെത്തി. ഇന്ന് മാത്രം എട്ട് വിമാനങ്ങളിലായി രാജ്യത്തെ 13 സ്ഥലങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാനാണ് തീരുമാനം.

ശീതീകരിച്ച മൂന്ന് ട്രക്കുകളിലായാണ് ആദ്യ ലോഡ് വാക്‌സിന്‍ പുണെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. പ്രത്യേക പൂജകള്‍ക്ക് ശേഷമായിരുന്നു ട്രക്കുകള്‍ പുറപ്പെട്ടത്. പുണെ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് വാക്സിന്‍ കയറ്റി അയക്കുന്നത്. തുടക്കത്തില്‍ 30 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ആദ്യ ഘട്ടം സ്വീകരിക്കുന്ന മൂന്ന് കോടി പേര്‍ കൊവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരാണ്.

കഴിഞ്ഞ ദിവസമായിരുന്നു പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കേന്ദ്ര സര്‍ക്കാര്‍ ധാരണയിലെത്തിയത്. ഒരു വാക്സിന് 210 രൂപ എന്ന നിരക്കില്‍ 1.1 കോടി ഡോസ് വാക്സിന്‍ നല്‍കാനാണ് കരാര്‍. ഡല്‍ഹി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ, ലക്നൗ തുടങ്ങിയ ഇടങ്ങളിലേക്കാണ് ആദ്യം വാക്സിനെത്തുക.

Content Highlight: 3 trucks carrying Covishield vaccine leave Pune’s Serum Institute