സാൻ്റിയാഗോ മൃഗശാലയിലെ സഫാരി പാർക്കിലുള്ള 8 ഗൊറില്ലകൾക്ക് കൊറോണ വെെറസ് കണ്ടെത്തിയതായി മൃഗശാല അധികൃതർ അറിയിച്ചു. രണ്ട് ഗൊറില്ലകൾക്ക് ചുമയും പനിയും കണ്ടെത്തിയതിനെ തുടർന്നുണ്ടായ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ജനുവരി ആദ്യവാരത്തോടെയാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചതെന്ന് മൃഗശാല അധികൃതർ പറയുന്നു.
മറ്റുള്ള മൃഗങ്ങൾക്കും ഇത് ബാധിച്ചിരിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അല്പം ശ്വാസതടസവും ചുമയും ഉള്ള ഗോറില്ലകളുടെ ആരോഗ്യസ്ഥിതി അത്ര ഗുരുതരമല്ലെന്നും ഈ ഗോറില്ലകളെ ക്വാറൻ്റീൻ ചെയ്തുവെന്നും മൃഗശാല എക്സി.ഡയറക്ടർ ലിസ പിറ്റേഴ്സൺ അറിയിച്ചു. മൃഗശാലയിലെ കൊവിഡ് പോസിറ്റീവായ ജീവനക്കാരിൽ നിന്നായിരിക്കാം കൊവിഡ് പകർന്നതെന്നാണ് വിലയിരുത്തൽ.
അമേരിക്കയിൽ ആദ്യമായാണ് ഗൊറില്ലകളിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. പൂച്ച, പട്ടി എന്നിവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച വാർത്തകൾ നേരത്തെ വന്നിരുന്നു. ന്യൂയോർക്ക് ബ്രോൺസ് മൃഗശാലയിലെ ടെെഗറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Content highlights: Gorillas test positive for coronavirus at San Diego park in the US