കാര്‍ഷിക സമരം: വിദഗ്ധ സമിതി രൂപവല്‍ക്കരണത്തില്‍ ഉറച്ച് സുപ്രീംകോടതി; സഹകരിക്കില്ലെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് തലസ്ഥാന അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകരുമായി രമ്യതയിലെത്താന്‍ സുപ്രീംകോടതി ആവിഷ്‌കരിച്ച വിദഗ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍. തര്‍ക്ക പരിഹാരത്തിന് ഇടപെടുന്ന കോടതിയോട് നന്ദിയുണ്ടെന്നും നിയമം സ്‌റ്റേ ചെയ്യാന്‍ അധികാരമുള്ള സുപ്രീംകോടതിക്ക് അവ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനും അധികാരമുണ്ടെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടികാട്ടി.

വിദഗ്ധ സമിതി രൂപവല്‍ക്കരിക്കുമെന്ന നിലപാടില്‍ തന്നെയാണ് സുപ്രീംകോടതി. സ്വതന്ത്ര കമ്മിറ്റി രൂപവല്‍ക്കരിക്കുന്നതില്‍ നിന്ന് ലോകത്ത് ഒരു ശക്തിക്കും തങ്ങലെ തടയാനാവില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് സമിതി മുമ്പാകെ വരാമെന്നും കോടതി അറിയിച്ചു. സമിതി റിപ്പോര്‍ട്ട് നല്‍കുന്നത് കോടതിക്ക് ആയിരിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമം താല്‍കാലികമായി റദ്ദാക്കാനുള്ള ഭരാണഘടനാപരമായ അധികാരം മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നും എന്നാല്‍ അതുകൊണ്ട് കാര്യമില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

വിരമിച്ച ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലായിരിക്കും വിദഗ്ധ സമിതി രൂപീകരിക്കുകയെന്ന് സുപ്രീംകോടതി നേരത്തെ അറിയിച്ചിരുന്നു. അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പെട്ടെന്ന് കൊണ്ടു വന്നതല്ലെന്നും നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ന്യായവും സ്വീകാര്യവുമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം ഫയല്‍ ചെയ്തിരുന്നു. ഒരു വിഭാഗം കര്‍ഷകര്‍ മാത്രമാണ് തീരുമാനത്തെ എതിര്‍ക്കുന്നതെന്നും അവരുമായി ചര്‍ച്ച നടത്തി വരികയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

Content Highlight: Supreme Court Puts On Hold 3 Farm Laws, Forms Committee For Talks