കൊവിഡ് വാക്സിൻ കേരളത്തിലെത്തി; ആദ്യ ഘട്ടത്തിൽ 4,33,500 ഡോസ്

സംസ്ഥാനത്ത് കൊവിഡ് വാക്സിൻ എത്തി. രാവിലെ 11 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വാക്സിനുമായുള്ള ആദ്യ വിമാനം എത്തിയത്. കേരളത്തിന് ആദ്യ ഘട്ടത്തിൽ 4,33,500 ഡോസ് വാക്സിനാണ് നൽകുന്നത്. കൊച്ചിയിലെത്തിച്ച 299500 ഡോസ് വാക്സിനിൽ 1,19,500 ഡോസ് കോഴിക്കോട് മേഖലക്കായി റോഡ് മാർഗം വഴി എത്തിക്കും. മാഹിക്ക് നൽകാനുള്ള വാക്സിൻ കോഴിക്കോട് നിന്നാണ് കൊണ്ടു പോകുന്നത്.

തിരുവനന്തപുരത്ത് വൈകിട്ട് 6 മണിയോടെ 134000 ഡോസ് വാക്സിനാണ് എത്തിക്കുന്നത്. വിമാന മാർഗം വഴിയാണ് വാക്സിനെത്തിക്കുക. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളിലെ വാക്സിൻ സ്റ്റോറേജ് കേന്ദ്രങ്ങളിലേക്കാണ് ആദ്യം വാക്സിൻ മാറ്റുക. ഇവിടങ്ങളിൽ നിന്ന് ഇൻസുലേറ്റഡ് വാനുകളിൽ മറ്റ് ജില്ലകളിലേക്ക് വാക്സിൻ എത്തിക്കും. എല്ലാ ജില്ലകളിലും സംഭരണ കേന്ദ്രങ്ങളുണ്ട്. അവിടെ നിന്ന് സ്റ്റോറേജ് ബോക്സുകളിൽ ആശുപത്രികളിലെത്തിച്ചാണ് വാക്സിൻ നൽകുന്നത്.

സംസ്ഥാനത്തെ 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ സൌകര്യമുള്ളത്. എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ് സംവിധാനവും ഉണ്ടാകും. കൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ലോഞ്ചിംഗ് ദിനത്തിൽ ടുവേ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ഏർപെടുത്തുന്നതായിരിക്കും.

സംസ്ഥാനത്ത് 3,62,870 ആരോഗ്യ പ്രവർത്തകരാണ് വാക്സിനേഷനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. സർക്കാർ മേഖലയിൽ നിന്ന് 170259 ഉം സ്വകാര്യ മേഖലയിൽ നിന്ന് 192611 ഉം ആരോഗ്യ പ്രവർത്തകരാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളത്.

Content Highlights; the first consignment of covid vaccine to reach Kerala