വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ ജനപ്രതിനിധി സഭയില്‍ പാസ്സായി. കാപ്പിറ്റോള്‍ മന്ദിരത്തിലുണ്ടായ ആക്രമണം ട്രംപിന്റെ അറിവോടെയാണെന്ന് കാണിച്ച് ഡെമോക്രാറ്റ് അംഗങ്ങളാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റിന് ആഹ്വാനം ചെയ്തത്. ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് ആവശ്യപ്പെടുന്ന പ്രമേയമാണ് സഭ പാസാക്കിയത്.
ഭരണഘടനയിലെ 25-ാം ഭേദഗതി ഉപയോഗിച്ചായിരുന്നു ഡെമോക്രാറ്റിക് പാര്‍ട്ടി പ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍, പ്രസിഡന്റിനെ പുറത്താക്കാന്‍ ഭരണഘടന അധികാരം ഉപയോഗിക്കില്ലെന്നാണ് പെന്‍സിന്‍രെ തീരുമാനം. സമാധാനപരമായ അധികാര കൈമാറ്റമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ മാസം 20 നാണ് അമേരിക്കന്‍ പ്രസിഡന്റായ ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്. ഇതിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ട്രംപിനെ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കാനുള്ള ഡെമോക്രാറ്റുകളുടെ നീക്കം. ബൈഡന്റെ സ്ഥാനരോഹണ ദിനത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ ട്രംപ് അറിയിച്ചതിനെ ബൈഡന്‍ സ്വാഗതം ചെയ്തിരുന്നു. സ്ഥാനമേല്‍ക്കല്‍ ദിനവുമായി ബന്ധപ്പെട്ട് വാഷിങ്ടണ്‍ ഡിസിയുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ സായുധ സേന ആക്രമണത്തിന് സാധ്യയുണ്ടെന്നു റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്ന് വാഷിങ്ടണ്‍ ഡിസിയില്‍ ജനുവരി 24 വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlight: US House approves resolution calling to invoke 25th Amendment to remove Trump