കൊവിഡ് വാക്സിൻ സ്വീകരിക്കുന്ന വ്യക്തിക്ക് പാർശ്വ ഫലങ്ങൾ ഉണ്ടായാൽ നിയമപരമായ നടപടികൾ കമ്പനി നേരിടേണ്ടി വരുമെന്ന് കേന്ദ്ര സർക്കാർ

Covid 19

കൊവിഡ് വാക്സിൻ സ്വീകരിക്കുമ്പോൾ ആ വ്യക്തിക്ക് ഏതെങ്കിലും തരത്തിലുള്ള പാർശ്വ ഫലങ്ങൾ അനുഭവപെട്ടാൽ നിയമപരമായ ബാധ്യത വാക്സിൻ നിർമാതാക്കൾക്ക് ആയിരിക്കുമെന്ന് കേന്ദ്ര സർക്കാർ. സർക്കാരും ബാധ്യത ഏറ്റെടുക്കണമെന്ന വാക്സിൻ നിർമ്മാതാക്കളുടെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി.

മഹാമാരിയുടെ സമയത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ വികസിപ്പിച്ച വാക്സിൻ ആയതു കൊണ്ട് തന്നെ കുത്തിവെക്കുമ്പോൾ പാർശ്വ ഫലങ്ങൾ ഉണ്ടായാൽ സർക്കാർ കൂടി ബാധ്യത ഏറ്റെടുക്കണമെന്ന് വാക്സിൻ നിർമാതാക്കൾ ആവശ്യപെട്ടിരുന്നു. അമേരിക്ക, ബ്രിട്ടൺ, കാനഡ, സിംഗപ്പൂർ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും നിയമപരമായ ബാധ്യത വാക്സിൻ നിർമാതാക്കളുമായി പങ്കിടുന്ന കാര്യം ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു ആവശ്യം ഉന്നയിച്ചത്.

എന്നാൽ മറ്റ് പ്രതിരോധ വാക്സിനുകൾക്കുള്ള നിയമപരമായ വ്യവസ്ഥകൾ കൊവിഡ് പ്രതിരോധ വാക്സിനും ബാധകമായിരിക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. കൂടാതെ പാർശ്വ ഫലങ്ങൾ ഉണ്ടായാൽ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്ട്, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷൻ നയങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള നിയമപരമായ നടപടികൾ കമ്പനി നേരിടേണ്ടി വരുമെന്നും സർക്കാർ വ്യക്തമാക്കി.

Content Highlights; covid vaccine-companies are liable for side effects