കൊവാക്സിൻ സ്വീകരിക്കാനാവില്ലെന്ന് ഡൽഹി സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ

Delhi hospital doctors demand Covishield over Covaxin, cite Phase-III efficacy results

രാജ്യത്ത് കൊവിഡ് വാക്സിൻ യജ്ഞം പുരോഗമിക്കുമ്പോൾ കൊവാക്സിൻ സ്വീകരിക്കാനാവില്ലെന്ന് ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർമാർ. കൊവാക്സിന് പകരം കൊവിഷീൽഡ് നൽകണമെന്നാണ് ഡോക്ടർമാർ ആവശ്യപെടുന്നത്. കൊവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ഇതുവരെ പൂർത്തിയാകാത്തതു കൊണ്ട് കൊവാക്സിന്റെ ഫലപ്രാപ്തിയിൽ സംശയമുണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.

നിലവിൽ ഭാരത് ബയോടെകിന്റെ കൊവാക്സിനും സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡിനുമാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്. ഡൽഹിയിലെ ആറ് കേന്ദ്ര സർക്കാർ ആശുപത്രികളിൽ കൊവാക്സിൻ മാത്രമാണ് പരീക്ഷിക്കുന്നത്. എയിംസ്, സഫ്ദര്‍ജംഗ്, റാം മനോഹര്‍ ലോഹ്യ, കലാവതി സരണ്‍ (കുട്ടികളുടെ ആശുപത്രി), ബസായ്ദരാപൂരിലെയും രോഹിണിയിലെയും ഇഎസ്‌ഐ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് കൊവാക്സിൻ പരീക്ഷിക്കുന്നത്. ബാക്കി ഡൽഹിയിലെ 75 സർക്കാഡ സ്വകാര്യ ആശുപത്രികളിൽ കൊവിഷീൽഡ് വാക്സിനുകളാണ് പരീക്ഷിക്കുന്നത്.

രാജ്യ വ്യാപകമായി വാക്സിൻ വിതരണ യജ്ഞത്തിന്റെ ആദ്യ ദിനത്തിൽ തന്നെ കൊവാക്സിനെതിരായി സർക്കാർ ആശുപത്രിയിലെ ഡോകടർമാർ തന്നെ നിലപാട് എടുത്തത് കേന്ദ്ര സർക്കാരിന് തിരിച്ചടിയാകും. അതേസമയം കൊവാക്സിൻ സ്വീകരിച്ച് ഏതെങ്കിലും തരത്തിലുള്ള ഗുരുതരമായ പാർശ്വ ഫലങ്ങൾ ഉണ്ടാകുകയാണെങ്കിൽ ചികിത്സ ഉൾപെടെ മുഴുവൻ ഉത്തരവാദിത്തങ്ങളും മരുന്ന് കമ്പനിക്കായിരിക്കുമെന്ന് നേരത്തെ തന്നെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. വാക്സിൻ സ്വീകരിക്കുന്നവരെല്ലാം ഇത്തരത്തിൽ ഒരു സമ്മത പത്രം ഒപ്പിട്ടു നൽകുകയും ചെയ്യുന്നുണ്ട്. പൊതു ആരോഗ്യ താത്പര്യാർത്ഥം ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലുള്ള ഒരു വാക്സിൻ വ്യാപകമായി ഉപയോഗിക്കുകയാണെന്നും ക്ലിനിക്കൽ ശേഷി ഇനിയും തെളിയിക്കപെടാത്ത വാക്സിൻ ഇപ്പോഴും മൂന്നാം പരീക്ഷണ ഘട്ടത്തിൽ ആണെന്നുമാണ് ആ സമ്മത പത്രത്തിലുള്ളത്.

Content Highlights; Delhi hospital doctors demand Covishield over Covaxin, cite Phase-III efficacy results