കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം 53-ാം ദിവസത്തിലേക്ക്. കർഷക നേതാവ് ബൽദേവ് സിങ് സിർസ, പഞ്ചാബി അഭിനേതാവ് ദീപ് സിന്ധു എന്നിവർ ഉൾപെടെയുള്ളവരോട് ഇന്ന് എൻഐഎ ഹെഡ് ക്വട്ടേഴ്സിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ എൻഐഎക്ക് മുന്നിൽ ഹാജരാകില്ലെന്ന് സിർസ വ്യക്തമാക്കി. സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുൽപത്ത്വന്ത് സിങ് പന്നുവിനെതിരായ യുഎപിഎ കേസുമായി ബന്ധപെട്ടാണ് ചോദ്യം ചെയ്യൽ.
അതേസമയം കേന്ദ്ര സർക്കാർ മുൻപ് സിഖ് ഫോർ ജസ്റ്റിസിനെതിരെ ഖാലിസ്ഥാൻ ബന്ധം ആരോപിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കുന്ന എൻഐഎ കേന്ദ്ര സർക്കാരിനെതിരെ പ്രചരണം നടത്താൻ സിഖ് ഫോർ ജസ്റ്റിസിന് വിദേശത്ത് നിന്ന് പണം വന്നതായി എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സമരത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമമാണെന്നാണ് കർഷക നേതാക്കൾ ആരോപിക്കുന്നത്. അതേസമയം സർക്കാരുമായുള്ള ചർച്ചയെ സംബന്ധിച്ച വിഷയങ്ങളുമായി ബന്ധപെട്ട് കർഷകർ ഇന്ന് സിംഘുവിൽ യോഗം ചേരും
Content Highlights; farmers protest in delhi