തിരുവനന്തപുരം: ഹൈക്കമാന്‍ഡ് ചര്‍ച്ചയ്ക്ക് ശേഷം പുതിയ പദവി ഏറ്റെടുത്ത് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. കെപിസിസി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് സ്ഥാനത്തേക്കാണ് ഉമ്മന്‍ ചാണ്ടിയെ ഉയര്‍ത്തിയത്. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ രൂപീകരണത്തില്‍ കേരളത്തിന്റെ ചുമതല എ കെ ആന്റണിക്കാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഇടപെടാനാണ് ഹൈക്കമാന്‍ഡിന്റെ നീക്കം.
നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് വരുത്തിയ അടിമുടി മാറ്റത്തില്‍ പത്ത് പേരടങ്ങുന്ന കമ്മിറ്റിയും രൂപീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍, കെ സി വേണു ഗോപാല്‍, കെ മുരളീധരന്, കെ സുധാകരന്, കൊടിക്കുന്നേല്‍ സുരേഷ്, വിഎം സുധീരന് എന്നിവരാണ് കമ്മിറ്റിയിലെ പത്തംഗങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും കേന്ദ്രം സജീവമായി ഇടപെടുമെന്നാണ് വിവരം.
കേരളത്തിന്റെ ചുമതല നല്‍കിയിരിക്കുന്ന എകെ ആന്റണി, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷവും കേരളത്തില്‍ തന്നെ തുടരും. സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള ചര്‍ച്ച കേരളയാത്ര തുടങ്ങിയ ശേഷമാകും ഉണ്ടാകുക. ഡിസിസി പുനസംഘടനയെന്ന തീരുമാനത്തില്‍ എ,ഐ ഗ്രൂപ്പുകള്‍ വഴങ്ങിയതോടെയാണ് കാര്യങ്ങള്‍ ധാരണയിലെത്തിയത്.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയും, രമേശ് ചെന്നിത്തലയും മത്സരിക്കുമെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം അറിയിച്ചിട്ടില്ല. ഇരുവരെയും മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും തീരുമാനം.
Content Highlight: Oommen Chandy will lead udf