ക്രമസമാധാന പ്രശ്നങ്ങൾ നേരിടേണ്ടത് പൊലീസ്; കർഷകരുടെ ട്രാക്ടർ റാലി വിഷയത്തിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി

SC Says Centre Is at Liberty to Invoke All Powers if it Wants to Stop Farmers' Tractor Rally

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് രാജ്യ തലസ്ഥാനത്ത് പ്രവേശനം നൽകണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഡൽഹി പൊലീസാണെന്ന് സുപ്രീം കോടതി. ക്രമസമാധാന പ്രശ്നങ്ങൾ നേരിടേണ്ടത് പൊലീസിൻ്റെ വിഷയമാണ്. ഈക്കാര്യങ്ങൾ എങ്ങനെ നേരിടണമെന്ന് തീരുമാനിക്കേണ്ടത് പൊലീസാണ്. അല്ലാതെ കോടതിയല്ല. സുപ്രീം കോടതി വ്യക്തമാക്കി. കർഷക പ്രക്ഷോഭത്തിൻ്റെ ഭാഗമായി റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ നിശ്ചയിച്ച ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പറഞ്ഞു.

അതേസമയം കാർഷിക നിയമവുമായി ബന്ധപ്പെട്ട ഹർജികളിൽ മറ്റന്നാൾ വിശദമായ വാദം കേൾക്കും. റിപ്പബ്ലിക് ദിനത്തിൽ കർഷകർ ആഹ്വാനം ചെയ്ത ട്രാക്ടർ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ ഡൽഹിയിലേത് അസാധാരണമായ ഒരു സാഹചര്യമാണെന്നായിരുന്നു അറ്റോർണി ജനറൽ കെകെ വേണുഗോപാൽ കോടതിയെ അറിയിച്ചത്. നിയമപരമായ നടപടി പൊലീസിന് സ്വീകരിക്കാം എന്ന് കാണിച്ച് കോടതി ഉത്തരവിറക്കണമെന്നും കെകെ വേണുഗോപാൽ ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം കോടതി നിരസിച്ചു. 

content highlights: SC Says Centre Is at Liberty to Invoke All Powers if it Wants to Stop Farmers’ Tractor Rally