കേരളത്തിൽ നല്ല നിലയിൽ കൊവിഡ് വാക്സിൻ നൽകാൻ സാധിച്ചു; കേന്ദ്രത്തിന്റെ വിമർശനത്തിന് മറുപടി നൽകി ആരോഗ്യമന്ത്രി

Covid Vaccine- Health minister's reply to center's criticism

കേരളത്തിൽ വാക്സിൻ കുത്തിവെയ്പ് കുറയുന്നുവെന്ന കേന്ദ്രത്തിന്റെ വിമർശനത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്ത്. കേരളത്തിൽ നല്ല നിലയിൽ കൊവിഡ് വാക്സിൻ നൽകാൻ സാധിച്ചുവെന്നാണ് തന്റെ അറിവെന്നും ചില സംസ്ഥാനങ്ങളിൽ 16 ശതമാനം മാത്രം വാക്സിനേഷനാണ് നടന്നതെന്നാണ് താൻ മാധ്യമങ്ങളിൽ നിന്നും അറിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിൽ ആദ്യത്തെ ദിവസം തീരുമാനിച്ചതിന്റെ 75 ശതമാനവും വാക്സിനേഷൻ എടുക്കാൻ സാധിച്ചു.

സ്വാഭാവികമായും രജിസ്റ്റർ ചെയ്ത മുഴുവൻ ആളുകളും വാക്സിനെടുക്കാൻ എത്തിയെന്ന് വരില്ല. എന്നാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നേക്കുമ്പോൾ ഏറ്റവും നന്നായി വാക്സിൻ നൽകാൻ സാധിച്ച സംസ്ഥാനമാണ് കേരളമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. വാക്സിനേഷന് വേണ്ടിയുള്ള കോവിൻ പോർട്ടലിന്റെ പ്രശ്നങ്ങൾ പല സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ വന്ന സമയത്ത് മറ്റ് സംസ്ഥാനങ്ങളിൽ വാക്സിനേഷൻ നിർത്തി വെച്ചപ്പോൾ കേരളത്തിൽ രജിസ്റ്ററിൽ രേഖപെടുത്തി ആളുകൾക്ക് വാക്സിൻ നൽകുന്ന സാഹചര്യമൊരുക്കിയിരുന്നു അതു കൊണ്ട് തന്നെ ആദ്യത്തെ ദിവസം നല്ല ശതമാനം ആളുകൾക്ക് വാക്സിൻ നൽകാൻ കേരളത്തിന് സാധിച്ചുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഏത് വാക്സിനായിലും പാർശ്വ ഫലങ്ങൾ ഉണ്ടാകും. വാക്സിൻ സ്വീകരിച്ചവരെ വളരെ നന്നായി പരിചരിക്കാൻ സാധിച്ചുവെന്നും വളരെ കുറവ് പാർശ്വ ഫലങ്ങൾ മാത്രമാണ് കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വളരെ മുൻകരുതൽ സ്വീകരിച്ചതിനാൽ ആ രീതിയിലും കേരളത്തിൽ വാക്സിനേഷൻ വിജയകരമാണ്. അതു കൊണ്ട് തന്നെ വാക്സിനേഷനിൽ കുറവുണ്ടായിട്ടില്ലെന്നാണ് കരുതുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. അതേസമയം വാക്സിനേഷൻ കുറയുന്നുവെന്ന തരത്തിൽ കേന്ദ്രത്തിൽ നിന്നും അറിയിപ്പുകളൊന്നും തന്നെ ആരോഗ്യവകുപ്പിന് ഇതുവരെ വന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Content Highlights; Covid Vaccine- Health minister’s reply to center’s criticism