നിയമസഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിലെ ഒരുക്കങ്ങള്‍ക്ക് പിന്നാലെ എന്‍എസ്എസിനെ ഒപ്പം കൂട്ടി കളം മുറുക്കാന്‍ ബിജെപി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനഹിതം നോക്കി ഉമ്മന്‍ ചാണ്ടിയെ മുതിര്‍ന്ന പദവിയിലേക്ക് എത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ കളം മുറുക്കാന്‍ കച്ചക്കെട്ടി ബിജെപിയും. മന്നം ജയന്തിക്ക് ആശംസയറിയിച്ച പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും എന്‍എസ്എസ് നന്ദി പ്രകടിപ്പിച്ചത് ആയുധമാക്കി തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിനെയും ഒപ്പം കൂട്ടാനാണ് ബിജെപിയുടെ നീക്കം.

എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ഇരുവര്‍ക്കും നന്ദി അറിയിച്ച് കത്തയച്ചത് കേരളത്തില്‍ ബിജെപിയുമായി അടുക്കുന്നതിന്റെ സൂചനയായാണ് ബിജെപി നേതൃത്വം വ്യാഖ്യാനിക്കുന്നത്. സ്വന്തം മുഖപത്രമായ സര്‍വ്വീസില്‍ പ്രധാനമന്ത്രിക്കും അമിത്ഷാക്കും നന്ദി അറിയിച്ചുകൊണ്ട് എന്‍എസ്എസ മുഖപ്രസംഗവും എഴുതിയിരുന്നു. ഈ ലേഖനം കെ. സുരേന്ദ്രന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയാല്‍ ചങ്ങനാശ്ശേരി മന്നം സമാധിയില്‍ പ്രധാനമന്ത്രിക്ക് പുഷ്പാര്‍ച്ചന നടത്താനുള്ള സൗകര്യവും ഏര്‍പ്പെടുത്താനാണ് ബിജെപിയുടെ നീക്കം.

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷനായി ഉമ്മന്‍ചാണ്ടിയെ നിശ്ചയിച്ച തീരുമാനം ഏറ്റവും അനുകൂലമായ രാഷ്ട്രീയ സാഹചര്യമായി ബിജെപി കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ എന്‍എസ്എസുമായി അടുക്കാനുള്ള അവസാരം മുതലാക്കാനാണ് ബിജെപി തീരുമാനം.

Content Highlight: NSS BJP Connection after the entrance Of Oommen Chandy as the UDF Election leader