ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തായ സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രഹസ്യ വിവരം എങ്ങനെയാണ് അര്‍ണബിന് കിട്ടിയതെന്ന രാഹുല്‍ ഗാന്ധി ചോദിച്ചു. വിവരം അര്‍ണബിന് ചോര്‍ത്തിയവര്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. വ്യോമസേനയുടെ നീക്കം പോലും അര്‍ണബിന് അറിയാമെങ്കില്‍ പാകിസ്താനും ഇത് സംബന്ധിച്ച വിവരം കിട്ടിക്കാണുമെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പൊരുതാന്‍ ഒറ്റയ്ക്ക് നില്‍ക്കേണ്ടി വന്നാലും മടിക്കില്ലെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് സംഭവിക്കുന്നത് വലിയ ദുരന്തമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കര്‍ഷകരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹികളെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
കര്‍ഷക സമരത്തെ കുറിച്ച് ലഘു പുസ്തകവും രാഹുല്‍ ഗാന്ധി പുറത്തിറക്കി. പ്രധാനമന്ത്രിയോട് അടുപ്പമുള്ളവരാണ് രാജ്യം ഭരിക്കുന്നതെന്നും നാലഞ്ച് പേരാണ് ഇന്ത്യയുടെ ഉടമസ്ഥരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വ്യവസായികളാണ് മോദിക്കും കേന്ദ്ര സര്‍ക്കാരിനും മാധ്യമ പിന്തുണ ഉറപ്പാക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കാര്‍ഷിക മേഖലയിലും കുത്തക വത്കരണത്തിന് നീക്കം നടക്കുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞു.
Content Highlight: Rahul Gandhi on Farm Law