കൊച്ചി: കോണ്‍ഗ്രസ് വിട്ട് വന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ സ്വാഗതം ചെയ്യുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി കെ വി തോമസ് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് സിപിഎമ്മിന്റെ പ്രതികരണം.
1984 മുതല്‍ എംപിയും എംഎല്‍എയും കേന്ദ്ര മന്ത്രിയും സംസ്ഥാന മന്ത്രിയുമായി പല ചുമതലകള്‍ വഹിച്ച കെവി തോമസിന് അവസരം കൊടുക്കുന്നതിനോട് പല കോണ്‍ഗ്രസ് നേതാക്കളും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റര്‍ പ്രചാരണം അടക്കം ആരംഭിച്ചതിന് ശേഷമാണ് എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ടതും യുവ നേതാവായ ഹൈബി ഈഡന് സ്ഥാനാര്‍ത്ഥിയാകുന്നതും. അന്ന് ഹൈക്കമാന്‍ഡ് ഇടപെട്ടാണ് കെവി തോമസിനെ തണുപ്പിച്ചത്. പക്ഷേ വാഗ്ദാനം ചെയ്ത സ്ഥാനങ്ങളൊന്നും നല്‍കിയതുമില്ല.
ഇതിന് പിന്നാലെയാണ് സീറ്റിനായി തോമസ് ഇടതിന്റെ കൂട്ട് പിടിക്കുമെന്ന അഭ്യൂഹം ഉയരുന്നത്. എന്നാല്‍ തോമസുമായി ഇതുവരെ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്നാണ് സി എന്‍ മോഹനന്റെ പ്രതികരണം. എറണാകുളം സീറ്റ് പിടിച്ചെടുക്കാന്‍ കെ വി തോമസിന് കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ ചില സിപിഎം നേതാക്കളും പങ്ക് വെക്കുന്നുണ്ട്.
എന്നാല്‍ സിപിഎമ്മില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ കെ വി തോമസ് തയാറായിട്ടില്ല. എല്ലാം 23 ന് ചേരുന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കും എന്നതാണ് മറുപടി.
Content Highlight: Guesses on K V Thomas to join LDF